പ്രായം മറന്നു ചരിത്രം കുറിച്ച് റെസിയുടെ പഠനം, 52 –ാം വയസ്സിൽ ബിരുദത്തിനു ചേർന്ന് ഉയർന്ന മാർക്ക് നേടി, 55 –ാം വയസ്സിൽ എൽഎൽബി റഗുലർ കോഴ്സിനു ചേർന്ന് കോട


കോട്ടയം: പ്രായം മറന്നു ചരിത്രം കുറിച്ച് റെസിയുടെ പഠനം മുന്നേറുകയാണ്. 52 –ാം വയസ്സിൽ പാലാ അൽഫോൻസാ കോളജിൽ ക്യാംപസിലെ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥിനിയായി ബിരുദത്തിനു റഗുലർ ക്ലാസിൽ ചേർന്ന റെസി ഉയർന്ന മാർക്കോടെ തന്നെയാണ് പരീക്ഷ പാസായത്. ഇപ്പോൾ 55 –ാം വയസ്സിൽ എൽഎൽബി റഗുലർ കോഴ്സിനു ചേർന്ന് തന്റെ പഠനം വീണ്ടും മുന്നോട്ട് കൊണ്ടുപോകുകയാണ് കോട്ടയം ഏറ്റുമാനൂർ പുന്നത്തുറ വെസ്റ്റ് കണ്ണന്തറ മുല്ലക്കുഴിയിൽ റെസി മാത്യു (55) എന്ന ഈ വിദ്യാർത്ഥിനി.

 

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാംപസിലാണ് എൽഎൽബി റഗുലർ കോഴ്സിനു പ്രവേശനം ലഭിച്ചിരിക്കുന്നത്. കണ്ണൂർ സർവകലാശാല ലോ എൻട്രൻസ് പരീക്ഷയിൽ എസ്​സി-എസ്ടി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയാണ് റെസി പ്രവേശനം നേടിയിരിക്കുന്നത്. പഠനം ചരിത്രം കുറിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് റെസി. പരമ്പരാഗത കർഷക തൊഴിലാളി കുടുംബമാണ് റെസിയുടേത്. പാലാ അൽഫോൻസാ കോളജിൽ 1984 – 86 ൽ റെസി പ്രീഡിഗ്രിക്കു പഠിച്ചിരുന്ന റെസി പിന്നീട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 32 വർഷങ്ങൾക്കു ശേഷം 2018 ൽ സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സിലൂടെ പ്രീഡിഗ്രി വിജയിക്കുകയും തുടർന്ന് 52 –ാം വയസ്സിൽ അൽഫോൻസാ കോളജിൽ ബിരുദത്തിനു റഗുലർ ക്ലാസിൽ ചേരുകയുമായിരുന്നു.

 

സിവിൽ എൻജിനീയറിങ് ഡിപ്ലോമ പാസായ അഞ്ജലി, ബിബിഎ വിദ്യാർഥി ആശിഷ് എന്നിവരാണ് റെസിയുടെ മക്കൾ.ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ല റെസിക്ക്. വാടക വീട്ടിലായിരുന്നു താമസം. എൽഎൽബി പഠനത്തിനായി മഞ്ചേശ്വരത്തിനു പോകുന്നതിനാൽ വാടകവീട് ഒഴിഞ്ഞതായും മക്കളെ അനുജത്തിയുടെ വീട്ടിലാക്കിയതായും റെസി പറയുന്നു. 



2018 ൽ സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സിലൂടെ പ്രീഡിഗ്രി വിജയിച്ച റെസി പാലാ അൽഫോൻസാ കോളേജിൽ റഗുലർ വിദ്യാർത്ഥിനിയായി ബി എ ഹിസ്റ്ററിയ്ക്ക് ചേർന്നത് വലിയ വാർത്തയായിരുന്നു. സാക്ഷരതാ മിഷന്റെ ഹയർസെക്കണ്ടറി തുല്യത ജയിച്ച് പാലാ അൽഫോൻസ കോളേജിൽ ബിരുദ പഠനം നടത്തുന്ന റെസി മാത്യുവിനെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കോട്ടയം സബ് കളക്ടർ ഈഷ പ്രീയ ആദരിച്ചിരുന്നു. 

ഏറ്റുമാനൂർ നഗരസഭയിലെ പ്രേരക് ബെന്നിയാണ് റെസി മാത്യുവിനെ കണ്ടെത്തി തുല്യതാ കോഴ്സിൽ ചേർത്തത്. ഏറ്റുമാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ സെന്റർ കോർഡിനേറ്ററായ പ്രേരക്  ബീനയാണ് എല്ലാ പിന്തുണയും റെസിയ്ക്ക് നൽകിയത്. പാലാ അൽഫോൻസാ കോളേജിലെ അധ്യാപകരും റെസിയ്ക്ക് ഒപ്പം നിന്നു.