കുടുംബശ്രീ ഒരു നേർച്ചിത്രം, അഞ്ചാം സീസൺ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം കോട്ടയം എരുമേലി സ്വദേശി സന്ദീപ് സെബാസ്റ്റ്യന്.


കോട്ടയം: കുടുംബശ്രീ ഒരു നേർച്ചിത്രം ഫോട്ടോഗ്രഫി മത്സരത്തിന്റെ അഞ്ചാം സീസൺ വിജയികളെ പ്രഖ്യാപിച്ചു. കോട്ടയം എരുമേലി സ്വദേശി കണ്ണംകുളം വീട്ടിൽ സന്ദീപ് സെബാസ്റ്റ്യനാണ് ഒന്നാം സ്ഥാനം. മലപ്പുറം ജില്ലയിലെ തെക്കൻകുറൂർ സ്വദേശി തെക്കുംപാട്ട് വീട്ടിൽ സുരേഷ് കാമിയോ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 

ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് തിരുവനന്തപുരം ബ്യൂറോ സീനിയർ ഫോട്ടോഗ്രാഫറായ വിൻസന്റ് പുളിക്കലിനാണ് മൂന്നാം സ്ഥാനം. ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും രൂപയും മികച്ച മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാർഡായി ലഭിക്കും. മറ്റ് മികച്ച പത്ത് ചിത്രങ്ങൾ പ്രോത്സാഹന സമ്മാനത്തിനും തെരഞ്ഞെടുത്തു. 2000 രൂപയാണ് പ്രോത്സാഹന സമ്മാനത്തിന് ക്യാഷ് അവാർഡായി ലഭിക്കുക. മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുകളായ സി. രതീഷ്, ബി. ജയചന്ദ്രൻ, ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫർ വി. വിനോദ് എന്നിവർ ചേർന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്. 

കുടുംബശ്രീ ജനകീയ ഹോട്ടലിൽ നിന്നുള്ള ചിത്രമാണ് സന്ദീപിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. 'മതി, നിറഞ്ഞു...വയറും മനസും' എന്ന പേരിൽ ലഭിച്ച ഈ ചിത്രം ഏറെ ഹൃദയ സ്പർശിയായി എന്ന് ജൂറി അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ സന്ദേശം പ്രകടമാക്കുകയും ഫോട്ടോഗ്രാഫിയുടെ പൂർണ്ണത കൽപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് തെരഞ്ഞെടുത്തതതെന്നും ജൂറി വ്യക്തമാക്കി. 2022 ഓഗസ്റ്റ് 22 മുതൽ ഒക്ടോബർ 13 വരെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. മികച്ച പങ്കാളിത്തമുണ്ടായ മത്സരത്തിൽ ലഭിച്ച 700ലേറെ ചിത്രങ്ങളിൽ നിന്നാണ് വിജയചിത്രങ്ങൾ കണ്ടെത്തിയത്. 

പ്രോത്സാഹന സമ്മാനാർഹർ - അഖിൽ ഇ.എസ്, കെൽവിൻ കാവശ്ശേരി, അരുൺ കൃഷ്ണൻകുട്ടി, മധു എടച്ചെന, ബോണിയം കലാം, ജോസുകുട്ടി പനക്കൽ, മിഥുൻ അനില മിത്രൻ, ബദറുദ്ദീൻ, ഷമീർ ഉൗരപ്പള്ളി, സജു നടുവിൽ.