കോട്ടയം: കുടുംബശ്രീയുടെ എട്ടാമത് ദേശീയ സരസ് മേള ഡിസംബർ 14 മുതൽ 24 വരെ കോട്ടയം നാഗമ്പടം മൈതാനത്തു നടക്കുമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് പറഞ്ഞു. മേളയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി കളക്‌ട്രേറ്റിൽ നടന്ന ഉദ്യോഗസ്ഥതല ആലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഗ്രാമീണ ഉൽപന്നങ്ങളുടെ വിപുലമായ വിപണന മേളയാണ് സരസ്. 250 വിപണന സ്റ്റാളുകളാണ് മേളയ്ക്കുണ്ടാവുക. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതിനായി 90 സ്റ്റാളുകളുണ്ടാകും. രാജ്യത്തെ തനതു രുചി വിഭവങ്ങൾ പരിചയപ്പെടുത്തുന്ന 25 സ്റ്റാളുകളുള്ള ഭക്ഷ്യമേളയും നടക്കും. ദിവസേന കലാപരിപാടികളും വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. 75000 ചതുരശ്രയടിയുള്ള പന്തലാണ് നാഗമ്പടത്ത് ഉയരുക. പ്രവേശനം സൗജന്യമാണ്.
ഹരിതപ്രോട്ടോക്കോൾ പാലിച്ചാണ് മേള നടക്കുക. സംഘാടക സമിതി യോഗം നവംബർ 12ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കും. സഹകരണ -സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. നാഗമ്പടം മൈതാനം എക്‌സിക്യൂട്ടീവ് ഡയറക്ടർ സന്ദർശിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷയായി. സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, കുടുബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ എ.എസ്. ശ്രീകാന്ത്, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.