ളാഹാ ബസ്സ് അപകടം: ഗുരുതരമായി പരിക്കേറ്റ 3 പേരുടെ ആരോഗ്യനിലയിൽ പുരോഗതി, പകരം യാത്രാ സംവിധാനമൊരുക്കി, തീർത്ഥാടകർ യാത്രയായത് പഞ്ചാമൃത പ്രസാദം സമ്മാനിച്ച്


പത്തനംതിട്ട: പത്തനംതിട്ട ളാഹ വഞ്ചി വിളക്ക് വളവിൽ ശബരിമല തീ‍ർത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന 8 വയസ്സുകാരൻ കുട്ടിയുൾപ്പടെ 3 പേരുടെ ആരോഗ്യനിലയിൽ പുരോഗതി. വിജയവാഡ സ്വദേശി മണികണ്ഠനാണ്(8) അപകടത്തിൽ ഗുരുതരമായ പരിക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിജയവാഡ വെസ്റ്റ് ഗോദാവരി സ്വദേശികൾ സഞ്ചാരിച്ചിരുന്ന ബസ്സ് ആണ് ഇന്നലെ രാവിലെ അപകടത്തിൽപെട്ടത്.

 

44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 18 പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ 10 പേരെ പെരുനാട് താലൂക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനും തീര്‍ഥാടകരുടെ തുടര്‍ ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങള്‍ ചെയ്തു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി. പോലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ഹേമലത, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 

ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരനെ ഉടനെ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ഇപ്പോൾ കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് ഡോക്ടർമാർ അറിയിച്ചു. മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. ഈ കുട്ടിയുള്‍പ്പെടെ അഞ്ചു പേരേയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയും കോന്നി മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന വിപുലമായ സംഘമാണ് പരിശോധനകളും ചികിത്സാ ക്രമീകരണങ്ങളും ഒരുക്കുന്നത്. 

38 പേരാണ് നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ളത്. ബസിലുണ്ടായിരുന്ന പരിക്കേല്‍ക്കാത്തവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കി നൽകുകയും തീർത്ഥാടകർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്‍പ്പെടെയുള്ള ക്രമീകരണങ്ങളൊരുക്കി നൽകുകയും ചെയ്തു. ളാഹ അപകടത്തിൽ പരിക്കേറ്റ ശബരിമല തീർത്ഥാടകരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. ആന്ധ്ര സ്വദേശികളായ എട്ടു വയസുള്ള മണികണ്ഠൻ, രാജശേഖരൻ, ഗോപി, രാജേഷ് എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. 

ആശുപത്രിയിൽ ഉള്ളവർ അപകടനില തരണം ചെയ്തു എന്നാണ് ഡോക്ടർമാർ അറിയിച്ചത് എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ എന്ന കുട്ടിയുടെ ചികിത്സ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു.കുട്ടിയുടെ രക്ഷിതാവുമായി സംസാരിച്ചതായും കുട്ടി സംസാരിക്കുന്നത് കണ്ടപ്പോൾ ഏറെ ആശ്വാസമായതായും മന്ത്രി പറഞ്ഞു. കുട്ടിയുടെ അന്തരികാവയത്തിന് തകരാറുണ്ട്. പുറമേയുള്ള പരിക്കിന് പ്ലാസ്റ്റിക്ക് സർജറി ഉൾപ്പെടെയുള്ളവ ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. മികച്ച ചികിത്സ ലഭ്യമാക്കാനുള്ള എല്ലാ നിർദ്ദേശവും നൽകിയിട്ടുണ്ട് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

 തീർത്ഥാടകർക്ക് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പകരം യാത്രാ സംവിധാനം ഒരുക്കി നൽകി. അയ്യപ്പ ഭക്തർ കയ്യിലേന്തിയിരുന്ന പഞ്ചാമൃത പ്രസാദം സമ്മാനിച്ചാണ് നാട്ടിലേക്ക് പ്രാർത്ഥനയോടെ നിറകണ്ണുകളോടെ യാത്രയായത്. സർവീസ് ജീവിതത്തിലെ ഏറ്റവും നിറവേകിയ നിമിഷങ്ങളിലൊന്നു സമ്മാനിച്ച ദിനം കൂടിയായിരുന്നു ഇന്നലെ എന്നും സങ്കീർണ്ണമായ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കുമ്പോൾ അപകടത്തിൽപ്പെട്ട തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന  സഹയാത്രക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി അവരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് യാത്രയാക്കുമ്പോൾ നിറകണ്ണുകളോടെ പ്രാർത്ഥനയോടെ അവർ കയ്യിലേന്തിയിരുന്ന പഞ്ചാമൃത പ്രസാദം ഞങ്ങൾക്കു സമ്മാനിച്ചാണ് പോയതു എന്നും അതിൽ ജീവന്റെ മാധുര്യം ഉണ്ടായിരുന്നു എന്നും പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു.