ദുരന്ത നിവാരണ ഘട്ടങ്ങളിൽ നമ്മൾ പ്രകടിപ്പിക്കുന്ന അർപ്പണ ബോധത്തിന്റെ ഉത്തമ ഉദാഹരണമാണ് പത്തനംതിട്ടയിൽ കണ്ടത്;മുഖ്യമന്ത്രി.


പത്തനംതിട്ട: ദുരന്ത നിവാരണ ഘട്ടങ്ങളിൽ നമ്മൾ പ്രകടിപ്പിക്കുന്ന അർപ്പണ ബോധത്തിന്റെ ഉത്തമ ഉദാഹരണമാണ് പത്തനംതിട്ടയിൽ കണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജയവാഡയിലെ ഏലൂര് സ്വദേശികളായ 44 ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം പത്തനംതിട്ട ളാഹയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യ ജനകമാണ് ന്നു മുഖ്യമന്ത്രി പറഞ്ഞു.

 

സർക്കാർ വകുപ്പുകളുടെ സമയോചിതമായ ഇടപെടലിലും കൃത്യതയോടെയുള്ള രക്ഷാപ്രവർത്തനവും ഉണ്ടായി. അപകടം നടന്ന് നിമിഷങ്ങൾക്കകം തന്നെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയുകയുണ്ടായി. സമീപത്തുണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് മിനിറ്റുകൾക്കുള്ളിൽ തന്നെ സംഭവസ്ഥലത്തെത്തുകയും ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി അതിനിടയിൽപ്പെട്ടവരെ രക്ഷിക്കുകയും ചെയ്തു. ജില്ലാകലക്ടറും പൊലീസും മോട്ടോർ വാഹന വകുപ്പും വനം, അഗ്നിരക്ഷാ സേന പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവം അറിഞ്ഞ ഉടൻ തന്നെ പെരുനാട്ടെ സാമൂഹ്യാരോ​ഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ സർക്കാർ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

 

ആരോഗ്യമന്ത്രിയുടെ മേൽനോട്ടം ഇതിനെല്ലാമുണ്ടായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ദൗത്യം വഴി ഒരു മണിക്കൂറിനുള്ളിൽ തന്നെ രക്ഷാപ്രവർത്തനം പൂർത്തിയാക്കുവാനും രണ്ടര മണിക്കൂറിനുള്ളിൽ സ്‌ഥലത്തെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുവാനും കഴിഞ്ഞു. പരിക്കേറ്റ 37 യാത്രക്കാരെയും സംഭവസ്ഥലത്ത് നിന്നും പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലാണ് ആദ്യം എത്തിച്ചത്. പ്രഥമ ശുശ്രൂഷയ്ക്കുശേഷം തീർത്ഥാടകരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റ 5 പേരെ കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചുകൊണ്ട് ആവശ്യമായ ചികിത്സ നൽകി. കോന്നി മെഡിക്കൽ കോളേജിൽ നിന്ന് സുപ്രണ്ടിന്റെ നേതൃത്വത്തിൽ 17 ഡോക്ടർമാരും 22 സ്റ്റാഫ് നഴ്സുമാരും പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ചികിത്സയ്ക്ക് നേതൃത്വം നൽകി. 

ചടുലമായ രക്ഷാപ്രവർത്തനവും മികച്ച ചികിത്സാ സൗകര്യങ്ങളും ഉറപ്പുവരുത്തിയതിന് ആന്ധ്രാ പ്രദേശിലെ ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ  നന്ദിയറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആന്ധ്രാ പ്രദേശിലെ  മുതിർന്ന ഉദ്യോഗസ്ഥരുമായി കേരളത്തിലെ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെട്ടിരുന്നു. ചികിത്സയ്ക്ക് ശേഷം തീർഥാടകരെ സ്വന്തം നാടായ വിജയവാഡയിലെത്തിക്കാൻ വേണ്ട സംവിധാനം ഒരുക്കുമെന്നും സർക്കാർ അവർക്ക് ഉറപ്പുനൽകി. അപകട ഘട്ടത്തിൽ ചടുലമായി ഇടപെട്ടുകൊണ്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും മെച്ചപ്പെട്ട ചികിത്സ നൽകാനും സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞു.

 പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി മുന്നിൽ നിന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും പൊലീസ്, മോട്ടോർ വാഹന വകുപ്പ്, വനം വകുപ്പ്, ഫയർ ഫോഴ്സ് ജീവനക്കാർക്കും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നാട്ടുകാർക്കും ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കിയ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ വകുപ്പ് ജീവനക്കാർക്കാരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.