മൂന്നാർ: മൂന്നാറിലേക്ക് നിങ്ങളെ സ്വീകരിക്കുക ഈ കുപ്പിയാനയാണ്. പതിനായിരക്കണക്കിന് കുപ്പികൊണ്ട് ഉണ്ടാക്കിയ വലിയ ആനയുടെ രൂപം. മൂന്നാറിലെ അപ്സൈക്ലിംഗ് പാർക്കിലാണ് ഇതുൾപ്പെടെയുള്ള കൗതുക കാഴ്ചകൾ. ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുപയോഗിച്ചാണ് പാർക്കിലെ ഈ എല്ലാ കാഴ്ചകളും ഒരുക്കിയത്. വസ്തുക്കളുടെ പുനചംക്രമണം മാത്രമല്ല പുനരുപയോഗം കൂടിയാണ് പാർക്കിൽ നടന്നത്. ബെഞ്ചുകൾ മുഴുവൻ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയതാണ്. പാർക്കിലെ ടൈൽസും നിർമ്മിച്ചത് ഇങ്ങനെ തന്നെ.
മൂന്നാറിന്റെ മുഖച്ഛായ തന്നെ മാറുകയാണ്. മൂന്നാറിനെ കൂടുതല്‍ സുന്ദരമാക്കി മാറ്റാനും, മാലിന്യപ്രശ്നം പൂര്‍ണമായും അവസാനിപ്പിക്കാനുമുള്ള ഇടപെടലുകളാണ് ഫലപ്രാപ്തിയിലെത്തിയത്. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് RRFന്റേയും അപ്‌സൈക്ലിംഗ് പാര്‍ക്കിന്റേയും ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ പാഴ് വസ്തുക്കളുടെ വിവേക പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് ബിആര്‍സിഎസിന്റെ സഹായത്തോടെയാണ് ഈ അപ്‌സൈക്ലിംഗ് പാര്‍ക്ക് സജ്ജീകരിച്ചത്. സഞ്ചാരികളെ സംബന്ധിച്ച് മറ്റൊരു വിശേഷം കൂടിയുണ്ട്. മൂന്നാറിലെത്തുന്ന സഞ്ചാരികൾക്കായി ടൗണിലെ കംഫർട്ട് സ്റ്റേഷനും നവീകരിച്ച് മികച്ചതാക്കി മാറ്റിയിട്ടുണ്ട്. കംഫർട്ട് സ്റ്റേഷനോടനുബന്ധിച്ച് ഒരുക്കിയ പബ്ലിക് ലോണ്ട്രിയെക്കുറിച്ച് പറയാതെ വയ്യ. പൊതുജനത്തിന് പണം നൽകി ശുചിമുറി മാത്രമല്ല, വാഷിംഗ് മിഷീനും ഇവിടെ ഉപയോഗിക്കാം. മൂന്നാറിൽ വന്നാൽ വസ്ത്രമലക്കാം, ഉണക്കി കൊടുക്കാനുള്ള മികച്ച സംവിധാനവും ഇവിടുണ്ട്.
കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള ദ്രവമാലിന്യം സംസ്കരിക്കാൻ അവിടെ തന്നെ വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മൂന്നാറിലെ ഏറ്റവും വലിയ പ്രശ്നമായ മലിനീകരണത്തില്‍ ഒരു ശാശ്വത പരിഹാരമുണ്ടാക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമമാണ് ഫലം കാണുന്നത്. കല്ലാറിലെ മാലിന്യക്കൂനയുടെ വലുപ്പം അതിഭീകരമായി വര്‍ദ്ധിച്ചു വരികയും ജലസ്രോതസ്സുകള്‍ക്കും വന്യജീവികള്‍ക്കുമെല്ലാം അത് ഭീഷണിയായി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, 2020-21ല്‍ യുഎന്‍ഡിപിയും GEFഉം ഹരിതകേരളം മിഷനുമായി കൈകോര്‍ത്ത് മൂന്നാര്‍ ഗ്രാമപഞ്ചായത്തിനെ സഹായിക്കാനെത്തിയത്. മാലിന്യക്കൂന പൂര്‍ണ്ണമായും നീക്കം ചെയ്യുക, ജൈവമാലിന്യത്തെ വളമാക്കി മാറ്റുക, അജൈവ പാഴ് വസ്തുക്കളെ റീസൈക്ലിംഗിന് കൈമാറാന്‍ കഴിയും വിധത്തില്‍ വൃത്തിയാക്കി ബെയ്ല്‍ ചെയ്ത് എടുക്കുക എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര മാലിന്യ സംസ്‌കരണ പ്ലാന്റ് കല്ലാറില്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചത്.
ഇന്നിതാ കല്ലാറിലെ വലിയ മാലിന്യമല ഏറെക്കുറെ പൂര്‍ണ്ണമായിത്തന്നെ അപ്രത്യക്ഷമായിരിക്കുന്നു. മാര്‍ക്കറ്റില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിച്ച് പ്ലാന്റില്‍ എത്തിക്കുന്ന ജൈവമാലിന്യം ജൈവവളമായി മാറ്റുന്ന പ്ലാന്റ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പായ്ക്ക് ചെയ്ത വളത്തിന്റെ വില്‍പ്പനയും ഇന്നലെ ആരംഭിച്ചു. കണ്‍വെയര്‍ ബെല്‍റ്റിന്റെ സഹായത്തോടെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ തരംതിരിച്ചെടുക്കുന്ന അജൈവ പാഴ്‌വസ്തുക്കള്‍ ബെയ്ല്‍ ചെയ്ത് റീസൈക്ലിംഗിന് കൈമാറുന്ന പ്രവര്‍ത്തനം ഇപ്പോള്‍ പൂര്‍ണ്ണതോതില്‍ നടക്കുന്നു. അപൂര്‍വ്വം ചില വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കൂട്ടിക്കലര്‍ത്തിയ രൂപത്തില്‍ ഇപ്പോഴും മാലിന്യം എത്തിച്ചേരുന്നു എന്നത് മാത്രമാണ് മൂന്നാര്‍ വേസ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. ഇത് കൂടി പരിഹരിക്കാനായി വലിയ ബഹുജന ബോധവത്കരണ കാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്.
മൂന്നാറില്‍ എത്തിച്ചേരുന്ന സഞ്ചാരികളെ ബോധവത്കരിക്കാനും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനുമായി ഗ്രീന്‍ ചെക്ക് പോസ്റ്റുകളും ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്ന പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. മൂന്നാറിലെ പ്രധാനപ്പെട്ട പുഴയായ നല്ലതണ്ണിയുടെ പുനരുജ്ജീവനത്തിന് വേണ്ടി 'വീണ്ടും നല്ലതണ്ണി' എന്ന പേരില്‍ ജനപങ്കാളിത്തത്തോടുകൂടിയ കാമ്പയിന് തുടക്കം കുറിച്ച് പുഴ ശുചീകരണം നടത്തി. ഈ കാമ്പയിനും തുടരുകയാണ്. മൂന്നാറില്‍ എത്തുന്ന സഞ്ചാരികളെ മുഴുവന്‍ മൂന്നാറിനെ മാലിന്യ രഹിതമായി സംരക്ഷിക്കാന്‍ ബോധവത്കരിക്കുകയും, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അതിനായി സജ്ജമാക്കുകയും കൂട്ടിക്കലര്‍ന്നു വരുന്ന ചെറിയ അളവിലുളള മാലിന്യം കൂടി തരംതിരിച്ച് മാറ്റുകയും ചെയ്താല്‍ രാജ്യത്തെ ഏറ്റവും മനോഹരവും ഏറ്റവും ശുചിത്വമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രമായി മൂന്നാറിനെ മാറ്റാന്‍ കഴിയും.
UNDP പദ്ധതിയുടെ കാലാവധി കഴിഞ്ഞാലും ഹരിതകേരളം മിഷനും, ശുചിത്വ മിഷനും, ക്ലീന്‍ കേരള കമ്പനിയുമുള്‍പ്പെടെയുള്ള പിന്തുണാ സംവിധാനങ്ങള്‍ മൂന്നാറിനെ കൂടുതല്‍ സുന്ദരമാക്കി നിലനിര്‍ത്താൻ ഉണ്ടാകും. മാലിന്യമുക്തമായ മൂന്നാര്‍ സാക്ഷാത്കരിക്കപ്പെടുകയാണ്. അത് അങ്ങനെതന്നെ നിലനിര്‍ത്താൻ ഓരോ സഞ്ചാരിയും ശ്രദ്ധിക്കണമെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയാണ്. ശുചിത്വത്താല്‍ കൂടി നമ്മുടെ മൂന്നാര്‍ കൂടുതല്‍ തിളങ്ങട്ടെ, ഈ മൂന്നാര്‍ മാതൃക നമുക്ക് കൂടുതല്‍ പ്രദേശങ്ങളിലേക്ക് പകര്‍ത്താം.