ളാഹ അപകടം: ദേശീയ പാത സാങ്കേതിക വിദഗ്ധ സംഘം പരിശോധന നടത്തി.


പത്തനംതിട്ട: ശബരിമല പാതയിലെ ളാഹയില്‍ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം നടന്ന സ്ഥലം ദേശീയ പാത സാങ്കേതിക വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ദേശീയ പാത കൊല്ലം ഡിവിഷനിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ശ്രീകലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സന്ദര്‍ശിച്ചത്.

 

ദേശീയപാത സാങ്കേതിക വിഭാഗം അധികൃതര്‍ ളാഹയിലെ അപകടം നടന്ന സ്ഥലത്തും ശബരിമല പാതയിലെ മറ്റ് അപകടസാധ്യതാ സ്ഥലങ്ങളിലും പരിശോധന നടത്തി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം. ശബരി പാതയില്‍ മണ്ണാറക്കുളഞ്ഞി മുതല്‍ പ്ലാപ്പള്ളി വരെയാണ് ദേശീയ പാതയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

ഈ സ്ഥലങ്ങളില്‍ പരിശോധന നടത്തി. അപകടം നടന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സേഫ് സോണിലെ ട്രാഫിക് സുരക്ഷാ വിദഗ്ധന്‍ സുനില്‍ ബാബു സംഘത്തിനു വിശദീകരിച്ചു നല്‍കി. അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ അമ്പിളി, റാന്നി ഡിവൈഎസ്പി സന്തോഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.