കോട്ടയം: മഴയിൽ ചോരാതെ ഫുട്ബോൾ ലോകകപ്പ് മത്സരാവേശം നിറച്ച് 'വൺ മില്യൺ ഗോൾ' കാമ്പയിനു ജില്ലയിൽ തുടക്കം. എം.ടി. സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗോൾവലയിലേക്ക് പന്ത് തട്ടി തോമസ് ചാഴികാടൻ എം.പി. ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ലിംഗഭേദമെന്യേ അടിസ്ഥാന ഫുട്ബോൾ പരിജ്ഞാനം നൽകുന്നതിനായി കായിക യുവജന വകുപ്പ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കായികരംഗത്തേക്ക് യുവതലമുറയെ ആകർഷിച്ച് ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനായി കേന്ദ്ര- സംസ്ഥാനസർക്കാരുകൾ നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെന്നും വ്യക്തിയുടെ സമഗ്ര പുരോഗതിക്ക് കായികരംഗം ഏറെ പ്രചോദനമാകുമെന്നും എം.പി. പറഞ്ഞു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജന് എം.പി. വേദിയിൽ ഫുട്ബോൾ നൽകി. ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്ന നവംബർ 20ന് സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിൽ 100 ഗോൾ വീതം അടിച്ച് ഒരു ലക്ഷം ഗോൾ അടിക്കുക എന്നതാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തിരഞ്ഞെടുത്ത 72 കേന്ദ്രങ്ങളിൽ നിന്നുള്ള 100 വീതം കുട്ടികൾക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകും. എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷനായി. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജൻ, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ നാരായണദാസ്, എം.ടി. സെമിനാരി സ്‌കൂൾ ഹെഡ്മാസ്റ്റർ പി. മോൻസി ജോർജ്, ജില്ലാ സ്പോർട്സ് ഓഫീസർ ഡിമൽ സി. മാത്യു, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു മുരിക്കവേലി, കെ. ആർ. ഷാജി, പദ്ധതി ബ്രാൻഡ് അംബാസഡർ പി.എസ്. അഷിം, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൽ. മായാദേവി, സന്തോഷ് ട്രോഫി താരം ബാബു നായർ, സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
ബ്രാൻഡ് അംബാസഡറായ മുൻ സന്തോഷ് ട്രോഫി താരം പി. എസ്. ഹാഷിം എല്ലാ സെന്ററുകളുടേയും പ്രവർത്തനവും പരിശീലനവും സംബന്ധിച്ച് നിർദേശങ്ങൾ നൽകും. കാമ്പയിന്റെ ഭാഗമായി എല്ലാ സെന്ററുകളിലേക്കും ഫുട്ബോൾ വിതരണം ചെയ്യും.