ശബരിമല: ശബരിമല നട തുറന്ന ആദ്യ ദിനത്തില്‍ തന്നെ കലിയുഗ വരദന്റെ ദര്‍ശനത്തിനായി ശബരിമലയിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം അയ്യപ്പന്മാർ. ഇന്നലെ വൈകിട്ട് അഞ്ചിനാണ് മണ്ഡല ഉത്സവത്തിനായി ശബരിമല നട തുറന്നത്. വൃശ്ചിക മാസ പുലരിയില്‍ ആണ് തീര്‍ത്ഥാടനം ഓദ്യോഗികമായി ആരംഭിക്കുന്നതെങ്കിലും ഇന്നലെ നടയടയ്ക്കും വരെയും ശരണം വിളിയും കൂപ്പുകൈകളുമായി ഹരിഹരസുതന്റെ മുന്നിലേക്ക് ഭക്തര്‍ എത്തിക്കൊണ്ടേയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചമുതല്‍ തന്നെ നിരവധി ഭക്തര്‍ അയ്യപ്പദര്‍ശനത്തിനായി പമ്പയില്‍ വിരിവച്ചു കാത്തിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അയ്യപ്പന്മാരെ സന്നിധാനത്തേക്ക് മല ചവിട്ടാന്‍ അനുവദിച്ചത്. ആ സമയമത്രയും അക്ഷമരായി അയ്യപ്പമന്ത്രങ്ങള്‍ ചൊല്ലി കാത്തിരിക്കുകയായിരുന്നു അവര്‍. മഹാപ്രളയ കാലഘട്ടം മുതല്‍ കഴിഞ്ഞ തവണ വരെയുള്ള ഓരോ മണ്ഡല – മകരവിളക്ക് മഹോത്സവ കാലഘട്ടത്തിലും തീര്‍ത്ഥാടനത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇക്കുറിയുണ്ടായില്ല എന്നതാണ് തീര്‍ത്ഥാടകരുടെ വന്‍ തിരക്കിന് കാരണമെന്ന് കരുതപ്പെടുന്നു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ തീര്‍ത്ഥാടകരില്‍ ബഹുഭൂരിപക്ഷവും എന്നത് ശബരിമല തീര്‍ത്ഥാടനം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ കൂടി നല്‍കുന്നു. തീര്‍ഥാടകര്‍ക്കായി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.