ശബരിമല തീർത്ഥാടകർക്ക് സുരക്ഷയൊരുക്കാൻ എരുമേലി ഉൾപ്പടെ 24 പോയിന്റുകളിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായി അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസ് സേനയും.


എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനോടനുബന്ധിച്ചു ശബരിമല തീർത്ഥാടകർക്ക് സുരക്ഷയൊരുക്കാൻ എരുമേലി ഉൾപ്പടെ 24 പോയിന്റുകളിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായി അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസ് സേനയും. സുരക്ഷിതമായ ശബരിമല തീര്‍ഥാടനത്തിനായുള്ള ക്രമീകരണങ്ങളാണ് കേരള അഗ്നിരക്ഷാസേന സജ്ജമാക്കിയിരിക്കുന്നത്. ആറുഘട്ടം വരുന്ന സുരക്ഷാ പദ്ധതിക്കാണ്  കേരള അഗ്നിരക്ഷാ സേന  രൂപം നൽകിയിരിക്കുന്നത്.

 

സന്നിധാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, കെ എസ് ഇ ബി, ശരംകുത്തി, മരക്കൂട്ടം, കൊപ്രാക്കളം, പാണ്ടിത്താവളം, പമ്പ, ത്രിവേണി, ശബരി ഹോട്ടല്‍, പില്‍ഗ്രിം സെന്‍റെര്‍, ഗണപതികോവില്‍, ചെറിയാനവട്ടം റോഡ്‌, പന്തളം രാജാ പോയിന്‍റ്, പള്ളിയറക്കാവ്,   നിലയ്ക്കല്‍, പ്ലാപ്പള്ളി, പന്തളം, എരുമേലി, കാളകെട്ടി,  മിനി പമ്പ, എന്നി 24 പോയിന്‍റ്കളിലായി 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസ് സേനയും. ഈ പോയിന്റുകളിൽ 12 ജില്ലാ ഫയര്‍ ഓഫീസര്‍മാരും  48 സ്റ്റേഷന്‍ ഓഫീസര്‍മാരും 6 മോട്ടോര്‍ ട്രസ്പോര്‍ട്ട് സ്റ്റേഷന്‍ ഓഫീസര്‍മാരും 72 അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരും 234 സീനിയര്‍ ഫയര്‍ ആന്‍ഡ്‌ റെസ്ക്യു ഓഫീസര്‍മാരും 48 സീനിയര്‍ ഫയര്‍ ആന്‍ഡ്‌ റെസ്ക്യു ഓഫീസര്‍ (മെക്കാനിക്ക്) മാരും. 1008 ഫയര്‍ ആന്‍ഡ്‌ റെസ്ക്യു ഓഫീസര്‍മാരും 336 ഫയര്‍ ആന്‍ഡ്‌ റെസ്ക്യു ഓഫീസര്‍ ഡ്രൈവര്‍മാരും സേവന നിരതരാണ്.

 

വാട്ടര്‍ ടെണ്ടര്‍, റിക്കവറി വെഹിക്കിള്‍, മള്‍ട്ടി യുട്ടിലിട്ടി വെഹിക്കിള്‍, ആംബുലന്‍സ്, മിനി വാട്ടര്‍ മിസ്റ്റ്, അഡ്വാന്‍സ്‌ റെസ്ക്യു ടെണ്ടര്‍, ജീപ്പ്, മോട്ടോര്‍ ബൈക്ക് വിത്ത്‌ വാട്ടര്‍ മിസ്റ്റ് വിഭാഗങ്ങളിലായി 50ഓളം വാഹനങ്ങളും തീർത്ഥാടകരുടെ സുരക്ഷയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ തങ്കഅങ്കി, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയ്ക്ക് പ്രത്യേകമായി കൂടുതല്‍ സേനയെയും വാഹനങ്ങളെയും വിന്യസിക്കും.