ശബരിമല: സുരക്ഷാ മുന്നൊരുക്കങ്ങൾ അഗ്നി രക്ഷാ വകുപ്പ് ഡയറക്ടർ ജനറൽ വിലയിരുത്തി.


അഗ്നിരക്ഷാ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ പമ്പ, നിലയ്ക്കൽ ഭാഗങ്ങളിലെ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി. അഗ്നിരക്ഷാ വകുപ്പ് ഡയറക്ടർ ടെക്നിക്കൽ നൗഷാദ്, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ അരുൺ അൽഫോൺസ്, റീജിയണൽ ഫയർ ഓഫീസർമാരായ അരുൺ കുമാർ, സിദ്ധകുമാർ, ജില്ലാ ഫയർ ഓഫീസർ ബി.എം. പ്രതാപ്ചന്ദ്രൻ , സ്റ്റേഷൻ ഓഫീസർമാരായ ജോസഫ് ജോസഫ്, വി. വിനോദ് കുമാർ, ഷിബു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഫയർ ഫോഴ്സ് സംഘം ഡയറക്ടർ ജനറലിനെ അനുഗമിച്ചു. 

സിവിൽ ഡിഫൻസ് അംഗങ്ങൾ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച റോഡ് സുരക്ഷാ ജാഗ്രതാ ടീമിൻ്റെ പ്രവർത്തനോദ്ഘാടനം ഡയറക്ടർ ജനറൽ നിർവഹിച്ചു. 50 പേരടങ്ങുന്ന  ടീം ആണ് ജാഗ്രതാ സമിതിയിൽ ഉള്ളത്. മണ്ഡല മകരവിളക്ക് കാലത്ത് റോഡപകടങ്ങളിൽ പെടുന്നവർക്ക് പെട്ടെന്ന് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ടീം പ്രവർത്തിക്കുന്നതെന്ന് ഡോ. ബി സന്ധ്യ അറിയിച്ചു. 

പരിശോധനകൾക്ക് ശേഷം  പമ്പാ ശ്രീ വിനായകാ ഗസ്റ്റ് ഹൗസിൽ  ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. ശബരിമലയിൽ സുരക്ഷിതമായ മണ്ഡല കാലം പൂർത്തിയാക്കുന്നതിന് സ്വീകരിക്കേണ്ട തുടർ നടപടികൾ സംബന്ധിച്ച്   ഉദ്യോഗസ്ഥർക്ക് ആവശ്യമായ  നിർദേശങ്ങൾ  ഡയറക്ടർ ജനറൽ നൽകി.