ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തന്‍മാര്‍ക്ക്‌വേണ്ടി കോട്ടയം മെഡിക്കല്‍ കോളേജും റവന്യൂ വകുപ്പും സംയുക്തമായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.


കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തന്‍മാര്‍ക്ക്‌വേണ്ടി കോട്ടയം മെഡിക്കല്‍ കോളേജും റവന്യൂ വകുപ്പും സംയുക്തമായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിര്‍വ്വഹിച്ചു.

 

ശബരിമലയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന മെഡിക്കല്‍ കൊളേജില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഭക്തന്‍മാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം ഇവിടെ ഉണ്ടാകും. റവന്യൂ വകുപ്പിന്റെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

 

അയ്യപ്പഭക്തന്മാരുടെ തീര്‍ത്ഥാടനവഴികളില്‍ പെട്ടെന്ന് അനുഭവപ്പെടുന്ന ശാരീരിക വിഷമതകള്‍, രോഗാവസ്ഥ, അപകടങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് ചികിത്സ തേടിയെത്തുന്ന അയ്യപ്പഭക്തന്മാരെ അടിയന്തിരമായി കാഷ്വാലിറ്റിയില്‍ എത്തിക്കല്‍, ഡോക്ടര്‍മാരുടെ പരിചരണം ലഭ്യമാക്കല്‍, ബന്ധുജനങ്ങളെ വിവരം അറിയിക്കല്‍ തുടങ്ങിയവയെല്ലാം നിര്‍വ്വഹിക്കുന്നത് 24 മണിക്കൂറും കര്‍മ്മനിരതരായി സേവനം അനുഷ്ഠിക്കുന്ന വോളന്റിയര്‍ സംഘമാണ്. 

ഇന്ത്യയിലെവിടെയും ഓടിയെത്തുന്ന ആംബുലന്‍സ് സേവനം  ഹെല്‍പ്പ് ഡെസ്‌കില്‍ 24 മണിക്കൂറും ലഭ്യമാണ്. ചികില്‍സാര്‍ത്ഥം എത്തുന്ന  അയ്യപ്പഭക്തര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും തികച്ചും സൗജന്യമായിട്ടാണ് നല്‍കുന്നത്.