യോദ്ധാവ്: ലഹരിക്കെതിരെ കാരിക്കേച്ചറും ചിത്രരചനാ ക്യാമ്പയിനും സംഘടിപ്പിച്ചു.


കോട്ടയം: സമൂഹം ഒറ്റക്കെട്ടായി പൊരുതിയാലേ ലഹരിക്കെതിരേയുള്ള പോരാട്ടം ലക്ഷ്യം കാണൂവെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്. പോലീസിന്റെ ‘യോദ്ധാവ്’ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ കാരിക്കേച്ചറും ചിത്രരചനാ ക്യാമ്പയിനും ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കളക്ട്രേറ്റ് കവാടത്തിൽ കാൻവാസിൽ ‘സേ നോ ടു ഡ്രഗ്‌സ് ‘ എന്നെഴുതിക്കൊണ്ട് എസ്.പി. ക്യാമ്പയിനു തുടക്കം കുറിച്ചു. വിദ്യാർഥികൾക്കും ക്യാമ്പയിനിൽ പങ്കെടുക്കാൻ എത്തിയവർക്കും എസ്.പി. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ, കോളജ് കുട്ടികളടക്കം നിരവധി പേർ ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു. ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി: അനീഷ് വി. കോര, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി: സി. ജോൺ, കോട്ടയം വെസ്റ്റ് സി.ഐ. അനൂപ് കൃഷ്ണ, കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ: യു. ശ്രീജിത്ത്, ഈസ്റ്റ് എസ്.ഐ.: എം.എച്ച് അനുരാജ്, ജനമൈത്രി പോലീസ് കമ്മിറ്റി അംഗം അഡ്വ. വി.ആർ.ബി. നായർ എന്നിവർ പ്രസംഗിച്ചു.