ലഹരിവിമുക്ത പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിന് കോട്ടയം ജില്ലയിൽ തുടക്കം.


കോട്ടയം: ജീവിതമാണ് ലഹരിയെന്ന സന്ദേശം യുവാക്കളിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഓരോ ദിവസവും വരുന്ന ലഹരിയെക്കുറിച്ചുള്ള മാധ്യമവാർത്തകൾ ഓർമിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ. ലഹരിവിമുക്ത പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ജില്ലാ കളക്ടർ. ലഹരിവിമുക്ത പ്രചാരണത്തിന്റെ ഒന്നാംഘട്ട പ്രചാരണ പരിപാടികളുടെ ഭാഗമായി കോട്ടയം ശാസ്ത്രി റോഡിൽ സംഘടിപ്പിച്ച ലഹരിയില്ലാ തെരുവിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ ജേതാക്കളായവർക്കുള്ള സമ്മാനങ്ങളും കളക്ടർ വിതരണം ചെയ്തു. ഓക്സിജൻ ഗ്രൂപ്പാണ് പരിപാടിയും സമ്മാനങ്ങളും സ്പോൺസർ ചെയ്തത്. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.എൻ. ശിവപ്രസാദ് അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, വിമുക്തി ജില്ലാ മാനേജരും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുമായ സോജൻ സെബാസ്റ്റ്യൻ, വിമുക്തി ജില്ലാ കോ- ഓർഡിനേറ്റർ വിനു വിജയൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു എന്നിവർ പ്രസംഗിച്ചു.