സീലിയ തിരക്കിലാണ്, ക്രിസ്മസ് ആഘോഷങ്ങൾക്ക് പകിട്ടേകാൻ ക്രിസ്മസ് റീത്തൊരുക്കി സീലിയ ബാസ്റ്റിൻ.


കോട്ടയം: ക്രിസ്മസ് ആഘോഷങ്ങൾക്ക് നമ്മുടെ നാട്ടിലും താരമായി മാറിയിരിക്കുകയാണ് ക്രിസ്മസ് റീത്തുകൾ. വ്യത്യസ്തമായ ക്രിസ്മസ് റീത്തുകൾ നിർമ്മിച്ചു ശ്രദ്ധേയയാകുകയാണ് കോട്ടയം കീഴ്ക്കുന്നു സ്വദേശിനിയായ സീലിയ ബാസ്റ്റിൻ പടിഞ്ഞാറയിൽ. ലോകത്തിനു പ്രത്യാശയുടെ സന്ദേശം നൽകിയെത്തുന്ന ക്രിസ്മസിന് പകിട്ടേറിയ വിരുന്നൊരുക്കുന്നതിനായി വ്യത്യസ്ത ക്രിസ്മസ് റീത്തുകൾ നിർമ്മിക്കുന്ന തിരക്കിലാണ് സീലിയ.

 

സീലിയ നിർമ്മിച്ച ക്രിസ്മസ് റീത്തുകളുടെ ചത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് ആവശ്യക്കാരായി മുൻവർഷങ്ങളിൽ എത്തിയതെന്ന് സീലിയ പറഞ്ഞു. നമ്മുടെ നാട്ടിൽ ഇപ്പോൾ ഇതൊരു വ്യത്യസ്ത താരമാണ്. എന്നാൽ എറണാകുളം മേഖലകളിൽ ക്രിസ്മസിന് ക്രിസ്മസ് റീത്തുകൾക്ക് വലിയ പ്രചാരമുണ്ട് എന്നും സീലിയ പറയുന്നു. വ്യത്യസ്തമായ ക്രിസ്മസ് റീത്തുകൾക്ക് ആവശ്യക്കാരേറെയാണ്. 300 മുതൽ 3000 വരെയാണ് വിവിധ തരം ക്രിസ്മസ് റീത്തുകളുടെ വിലയെന്നും സീലിയ പറഞ്ഞു. 



പുരാതന റോമിൽ റീത്തുകൾ വീടുകളുടെ മുൻപിൽ വിജയത്തിന്റെ അടയാളമായി തൂക്കിയിരുന്നു. ജർമ്മനിയിലെ കത്തോലിക്കാരാണ് ക്രിസ്മസുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾക്കായി റീത്തുകൾ ഉപയോഗിച്ച് തുടങ്ങിയത്. കമ്പികൾ വളച്ചു വൃത്താകൃതിയിലാക്കിയ ശേഷം പേപ്പറുകളും പ്ലാസ്റ്റിക്ക് ഇലകളും ഈ വളയത്തിൽ ചുറ്റിപ്പിടിപ്പിക്കുകയും തുടർന്ന് ഇവയിൽ വിവിധ തരം അലങ്കാരങ്ങൾ പിടിപ്പിച്ചു ചേർക്കുകയുമാണ് ചെയ്യുന്നത്. വ്യത്യസ്തമായ രീതിയിൽ ക്രിസ്മസ് റീത്തുകൾ നിർമ്മിക്കുന്നതിനാൽ ആവശ്യക്കാരും ഏറെയാണ്.

 

മുൻപ് പള്ളിയിലേക്ക് ക്രിസ്മസ് റീത്തുകൾ നിർമ്മിച്ചു നൽകിയിരുന്നു. പിന്നീട് പലരും ആവശ്യപ്പെട്ട് തുടങ്ങിയതോടെയാണ് കൂടുതലായി ഇവ നിർമ്മിച്ചു തുടങ്ങിയതെന്ന് സീലിയ ബാസ്റ്റിൻ പടിഞ്ഞാറയിൽ പറഞ്ഞു. ഈ വർഷത്തെ ക്രിസ്മസ്സിൽ നക്ഷത്രങ്ങളുടെ തിളക്കങ്ങളിലും ഇലക്ട്രോണിക്ക് ബൾബുകളുടെ പ്രകാശങ്ങളിലും ക്രിസ്മസ് ട്രീകൾക്കും പുൽക്കൂടുകൾക്കുമൊപ്പം മിന്നിത്തിളങ്ങി നിൽക്കും ക്രിസ്മസ് റീത്തുകളും.