വേദനിക്കുമ്പോ എല്ലാവരും ഞങ്ങളെ അമ്മേ എന്ന് വിളിക്കും, അതിലും വലിയതായി ഒന്നും പ്രതിക്ഷിക്കാറില്ല, ഇത് എന്റെ ജീവിതത്തിലെ അനുപമ ദിവസം, അസുലഭ നിമിഷം; ഷീലാ


കോട്ടയം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം കരസ്ഥമാക്കി കോട്ടയം കിടങ്ങൂർ സ്വദേശിനി ഷീലാ റാണി ജന്മനാടിന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ്. രാജ്യത്തെ പരമോന്നത നേഴ്സിംഗ് പുരസ്കാരമായ 2021ലെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ആണ് കോട്ടയം കിടങ്ങൂർ സ്വദേശിനി വൈക്കത്തുശ്ശേരിൽ ജയചന്ദ്രന്റെ ഭാര്യ ഷീലാ റാണി കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനനിൽ വെച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഷീലാ റാണി പുരസ്കാരം ഏറ്റുവാങ്ങി.രാജ്യത്ത് ആദ്യമായിട്ടാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്സുമാരെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡിലേക്ക് പരിഗണിക്കുന്നത്‌. 



പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗത്തിൽ പുരസ്‌കാരത്തിനായി അർഹയാകുന്ന ഏക വ്യക്തിയും ആദ്യ വ്യക്തിയുമാണ് കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി. നഴ്സിംഗ് ജോലിക്ക് ജാതി മത രാഷ്രീയം ഇല്ല, മുന്നിൽ കാണുന്ന വേദനിക്കുന്ന എല്ലാവരും എന്നെപോലെ തന്നെ ആണ്. വേദനിക്കുമ്പോ എല്ലാവരും ഞങ്ങളെ അമ്മേ എന്ന് വിളിക്കും,  അതിലും വലിയതായി ഒന്നും പ്രതിക്ഷിക്കാറില്ല.എങ്കിലും സങ്കടം ഉണ്ട്. ഇന്ത്യയുടെ പ്രഥമ വനിതയിൽ നിന്നും രാജ്യത്തെ പരമോന്നത നേഴ്സിംഗ് പുരസ്കാരമായ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് കരസ്ഥമാക്കിയിട്ടും ഈ പുരസ്‌കാരത്തിന് ആദ്യമായി അർഹയാകുന്ന വ്യക്തി എന്ന നിലയിലും മലയാളി എന്ന നിലയിലും മുഖ്യധാരാ വാർത്താ മാധ്യമങ്ങൾ വാർത്താ പ്രാധാന്യം നൽകാതിരുന്നത് സങ്കടമുളവാക്കി എന്നും ഷീലാ റാണി പറയുന്നു.   

ഇത് തന്റെ ജീവിതത്തിലെ അനുപമ ദിവസമാണെന്നും അസുലഭ നിമിഷമാണെന്നും ഷീലാ റാണി പറഞ്ഞു. പരമോന്നത നേഴ്സിംഗ് പുരസ്കാരം കരസ്ഥമാക്കി നാട്ടിലെത്തിയ ഷീല ഇപ്പോൾ ജന്മനാടിന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ്. നാട്ടിൽ തിരികെയെത്തിയ ഷീലയ്ക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെച്ച് കിടങ്ങൂർ പി കെ വി വനിതാ ലൈബ്രറിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. ആലുവ ലൈഫ് കെയർ ഫൌണ്ടേഷന്റെ നേതൃത്വത്തിലും ഷീലാ റാണിക്ക് സ്വീകരണം നൽകിയിരുന്നു. പാലിയേറ്റീവ് പരിചരണത്തിന്റെ മഹത്വം മനസ്സിലാക്കിയ കഷ്ടപ്പാട് നേരിൽ കണ്ടിട്ടുള്ളവരാണ് ഇവരെല്ലാമെന്നു ഷീലാ റാണി പറയുന്നു.