ഇലയ്ക്കാടും വെളിയന്നൂരിലും സ്മാർട്ട് വില്ലേജ് ഓഫീസുകളൊരുങ്ങുന്നു.


ഉഴവൂർ: ഇലയ്ക്കാടും വെളിയന്നൂരിലും വില്ലേജ് ഓഫീസുകൾക്ക് പുതിയ മന്ദിരങ്ങളൊരുങ്ങുന്നു. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് സ്‌കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വീതം മുടക്കിയാണ് നിർമാണം. 

ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. ഏഴ് മാസം കൊണ്ടാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, റെക്കോർഡ് റൂം, ഡൈനിംഗ് ഏരിയ, വെയിറ്റിംഗ് ഏരിയ, ജീവനക്കാർക്കുള്ള ശുചിമുറികൾ, പൊതുജനങ്ങൾക്കുള്ള ശുചിമുറികൾ, ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവ ഉൾപ്പെടെ 1440 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടങ്ങളാണ് നിർമിച്ചിട്ടുള്ളത്. 

വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വളപ്പിലാണ്  വെളിയന്നൂർ വില്ലേജ് ഓഫീസ്. മരങ്ങാട്ടുപള്ളി ജംഗ്ഷനിൽനിന്നു കിടങ്ങൂർ പോകുന്ന വഴിയിലാാണ് ഇലയ്ക്കാട് വില്ലേജ് ഓഫീസ് നിർമിച്ചിരിക്കുന്നത്. നിക്കാട്, കൂവപ്പള്ളി, കൂട്ടിക്കൽ, മണിമല, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലും സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കായി പുതിയ മന്ദിരങ്ങൾ നിർമിക്കുന്നുണ്ട്.