ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങി അക്ഷര നഗരി, വിപണി സജീവം, രണ്ട് വർഷങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളില്ലാത്ത ക്രിസ്മസ് ആഘോഷമാക്കാനൊരുങ്ങി കോട്ടയം.


കോട്ടയം: വർഷങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളില്ലാത്ത ക്രിസ്മസ് ആഘോഷമാക്കാനൊരുങ്ങിയിരിക്കുകയാണ് കോട്ടയം. നക്ഷത്രങ്ങളും പുൽക്കൂടുകളും ഇലക്ട്രിക് ബൾബ് മാലകളും ഉൾപ്പെടെ ക്രിസ്മസ് വിപണി സജീവമായി തുടങ്ങി. കോവിഡ് തീർത്ത പ്രതിസന്ധികളിൽ കഴിഞ്ഞ രണ്ട് വർഷം ജാഗ്രതയോടും കരുതലോടും കൂടിയാണ് ക്രിസ്മസ് ആഘോഷങ്ങൾ നടത്തിയത്.

വീടുകളിലും സ്ഥാപനങ്ങളിലും ക്രിസ്മസ് നക്ഷത്രങ്ങൾ വിവിധ നിറത്തിൽ പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന കാഴ്ച്ച നായനാനന്ദകരമാണ്. വ്യാപാര സ്ഥാപനങ്ങളിൽ നക്ഷത്രങ്ങൾ,പുൽക്കൂടുകൾ,ഇലക്ട്രോണിക്ക് ബൾബുകൾ,അലങ്കാര വസ്ത്തുക്കൾ തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നതിനായി തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ജില്ലയുടെ നഗര മേഖലകളിലും ഗ്രാമീണ മേഖലകളിലും ക്രിസ്മസ് വിപണി സജീവമായിക്കഴിഞ്ഞു. രാത്രിയിൽ വർണ്ണവിസ്മയം തീർത്ത് നക്ഷത്രങ്ങൾ പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന കാഴ്ച്ചയ്ക്ക് ഒരു പ്രത്യേകത തന്നെയുണ്ട്.

കുട്ടികളുള്ള വീടുകളിൽ ക്രിസ്മസ് കൂടുതലായും വലിയ ആഘോഷം തന്നെയാണ്. കേക്ക് മേളകളും ആരംഭിച്ചു കഴിഞ്ഞു. രുചി വൈവിധ്യങ്ങളാൽ സമ്പുഷ്ടമായ വിവിധതരം കേക്കുകളും വിപണിയിൽ ലഭ്യമായി തുടങ്ങി.  പേപ്പർ നക്ഷത്രങ്ങൾ,പ്ലാസ്റ്റിക്ക് കോട്ടിങ് നക്ഷത്രങ്ങൾ,ഇലക്ട്രോണിക്ക് ഓട്ടോമാറ്റിക്ക് നക്ഷത്രങ്ങൾ,ക്രിസ്മസ് ട്രീ,പുൽക്കൂടുകൾ,ഓട്ടോമാറ്റിക്ക് അലങ്കാര ബൾബുകൾ തുടങ്ങി നിരവധി ക്രിസ്മസ് ആഘോഷ സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്.