സന്നിധാനത്ത് വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും നാളിതുവരെ നടത്തിയ പരിശോധനകളില്‍ 13 കേസുകളിലായി 51,000 രൂപ പിഴയീടാക്കി.


 പമ്പ: സന്നിധാനത്ത് വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും നാളിതുവരെ നടത്തിയ പരിശോധനകളില്‍ 13 കേസുകളിലായി 51,000 രൂപ പിഴയീടാക്കി. അയ്യപ്പ ഭക്തന്മാരില്‍ നിന്നും പാത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയ്ക്ക് അമിത വില ഈടാക്കുക, അളവില്‍ കുറച്ച് വില്‍പ്പന നടത്തുക, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്.

കൂടാതെ കേടായ ഭക്ഷണസാധനങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. സന്നിധാനം ഡ്യൂട്ടി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ റവന്യൂ, ലീഗല്‍ മെട്രോളജി, ആരോഗ്യം, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് രാത്രിയും പകലുമായി പരിശോധന നടത്തിവരുന്നത്. സന്നിധാനത്തെ വിവിധയിടങ്ങളില്‍ റവന്യൂ, ആരോഗ്യം, സര്‍വ്വേ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുന്നൂറോളം വിശുദ്ധി സേനാംഗങ്ങള്‍ സാനിറ്റൈഷേന്‍ പ്രവൃത്തിയും നടത്തിവരുന്നു. പകര്‍വ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ആഭ്യമുഖ്യത്തില്‍ സന്നിധാനത്ത് പ്രത്യേകമായി ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

ഭക്ഷണ പദാര്‍ഥങ്ങള്‍ അടച്ച് സൂക്ഷിക്കാനും തിളപ്പിച്ചാറിയ കുടിവെള്ളം നല്‍കാനും ഹോട്ടലിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാനും ഭക്ഷണപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ നിര്‍ബന്ധമായും കൈയ്യുറ ധരിക്കാനും നിര്‍ദേശം നല്‍കി. ചൊവ്വാഴ്ചയും സന്നിധാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഫോഗിങ്ങും സ്‌പ്രേയിങ്ങും നടത്തി. വിശുദ്ധി സേനാംഗങ്ങള്‍ക്കും ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കി.