ദ്വീപിന്റെ രുചിയറിയാം! അപ്പൽ ചോറുണ്ണാം, സരസിലേക്ക് വരൂ...


കോട്ടയം: നാഗമ്പടം കുടുംബശ്രീ സരസ്മേളയിലെ ഫുഡ്സ്റ്റാളിൽ ഒരു കൊച്ച് ലക്ഷ ദ്വീപ് ഒരുക്കിയിരിക്കുകയാണ് ടി.കെ സുൽത്താംബിയും സംഘവും. തേങ്ങാപ്പാലിൽ വേവിച്ചെടുക്കുന്ന പൊന്നി അരിയിൽ മല്ലി, പെരുംജീരകം, മുളക് എന്നിവ കൊണ്ട് ഒരുക്കിയ പ്രത്യേക മസാലയിൽ ഉണക്കിയ അപ്പൽ മീൻ ചേർത്തിളക്കി ഉണ്ടാക്കിയെടുക്കുന്ന അപ്പൽ ചോറാണ് ലക്ഷദ്വീപ് സ്റ്റാളിലെ  ഹൈലൈറ്റ്.

 ലക്ഷ്യദ്വീപ് സ്റ്റാളിലെ ഏറ്റവും ഡിമാന്റും ഇതിനുതന്നെയാണ്. നമ്മുടെ സ്വന്തം നീരാളി തന്നെയാണ് ഈ അപ്പൽ മീൻ. സാലഡും അച്ചാറും ചേർത്ത് വിളമ്പുന്ന ഈ വിഭവത്തിന് പ്ലേറ്റിന് 120 രൂപയാണ്. അലിഫ് ദ്വീപശ്രീയിലെ ടി.കെ സുൽത്താംബി, ഷാഹിന ബീഗം, ടി.കെ. അത്താഹ, ടി.എം. സാജിത, എ.സി. ബല്ലി എന്നിവർ ചേർന്നാണ്  കുടുംബശ്രീ ദേശീയ സരസ്സ് മേളയിൽ ദ്വീപൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്നത്. കടലിൽനിന്നു നേരിട്ട് ഇവർ തന്നെയാണ് അപ്പൽ മീൻ പിടിച്ച് ഉണക്കി എടുക്കുന്നത്. 

ഇത് കൂടാതെ ദ്വീപൻ ചപ്പാത്തി, ദ്വീപൻ അരിപ്പത്തിരിയും ഉണ്ട്. മൂന്ന് ചപ്പാത്തിയും ചിക്കൻ ആണം എന്ന പ്രത്യേക കറിക്കും കൂടി 150 രൂപയാണ്  വില. മൂന്ന് ചപ്പാത്തിയും ബീഫ് ആണത്തിനും 170 രൂപയാണ്. കിഴി ബിരിയാണി ചിക്കന് 160 രൂപയും മീനിന് 180 രൂപയുമാണ് വില. 220 രൂപയ്ക്ക് ദ്വീപൻ ചൂര അച്ചാറും ഈ ഫുഡ് കോർട്ടിൽ ലഭിക്കും.