ശബരിമല: ശബരിമല മണ്ഡലകാലം മകരവിളക്ക് മഹോത്സവമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളാണ് സന്നിധാനത്ത് സുരക്ഷ ഒരുക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകള


ശബരിമല: ശബരിമല മണ്ഡലകാലം മകരവിളക്ക് മഹോത്സവമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളാണ് സന്നിധാനത്ത് സുരക്ഷ ഒരുക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്നാണ് വനം. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ വനം വകുപ്പ് സന്നിധാനത്ത് ജാഗരൂകരാണ്. അയ്യപ്പഭക്തന്മാരുടെ സുരക്ഷിത കാനന യാത്ര, കാടിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷിതത്വം എന്നിവയ്ക്ക് മുൻകരുതൽ നൽകിയാണ് വനം വകുപ്പ് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.

മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സന്നിധാനത്ത് നിന്നും 75 പന്നികളെ പിടികൂടി മാറ്റി. മുൻ വർഷങ്ങളിൽ അയ്യപ്പഭക്തർക്ക് അപകടകരമാകുന്ന രീതിയിൽ കണ്ടുവന്ന പന്നികളെ സന്നിധാനത്ത് നിന്ന് നീക്കം ചെയ്യാൻ കഴിഞ്ഞത് വനംവകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. വലിയ കൂടുകളിൽ പിടികൂടിയ പന്നികളെ ഗവി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് തുറന്നുവിട്ടത്. പന്നികളെ പിടികൂടി മറ്റെവിടേക്കെങ്കിലും മാറ്റാൻ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. മണ്ഡലകാലം ആരംഭിച്ചതിനു ശേഷം ഇന്നലെ വരെ 61 പാമ്പുകളെയാണ് സന്നിധാനത്ത് നിന്ന് മാത്രം പിടികൂടിയത്. പിടികൂടിയവയെ സുരക്ഷിതമായി ഉൾക്കാടുകളിൽ തുറന്നു വിടും.

ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലിഫന്റ് സ്ക്വാഡ്, സ്നേക്ക് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്. എരുമേലി, പുൽമേട് തുടങ്ങിയ കാനനപാതകളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാൽ സദാസമയവും നിരീക്ഷണം നടത്തുന്നു. വന്യ മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാൽ ഇവ ചെറുക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും സജ്ജമാണ്.

ഇതിന് പുറമെ, രാത്രി സമയങ്ങളിൽ വനാതിർത്തികളിൽ പ്രത്യേക സ്ക്വാഡുകളുടെ സുരക്ഷാ പെട്രോളിഗും നടത്തുന്നു. കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾക്ക് ഭക്ഷണപദാർത്ഥങ്ങൾ നൽകരുതെന്ന് അയ്യപ്പഭക്തരോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അഭ്യർത്ഥിക്കുന്നു. വനഭൂമിയെ മാലിന്യമാക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും വേണം.