ശബരിമല: കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനായതുകൊണ്ട് ഈ മണ്ഡലകാലത്ത് സന്നിധാനത്തെ ആരോഗ്യവകുപ്പിന്റെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലൂടെ രക്ഷിക്കാനായത് 851 അയ്യപ്പന്മാരുടെ ജീവനുകള്‍. അതേസമയം അതീവ ഗുരുതര നിലയില്‍ സന്നിധാനത്തെ ആശുപത്രിയിലെത്തിയ 875 ഭക്തരില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടവുമായി. സന്നിധാനത്തെ ആശുപത്രിയില്‍ ഈ സീസണില്‍ ഡിസംബര്‍ 25 ഉച്ചവരെ 44,484 ഭക്തരാണ് ചികിത്സക്കെത്തിയത്. ശരീരവേദന, ഹൃദയസംബന്ധമായ അസുഖങ്ങള്‍, അപസ്മാരം, പനി തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഭൂരിഭാഗവും ചികിത്സ തേടിയത്. ജീവന്‍ നഷ്ടമായവരില്‍ മിക്കവരും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരോ തുടര്‍ച്ചയായി മരുന്നുകഴിക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തവരോ ആണെന്ന് മെഡിക്കല്‍ നോഡല്‍ ഓഫീസര്‍ ഡോ. ഇ. പ്രഷോദ് പറഞ്ഞു. വേണ്ടത്ര വിശ്രമമില്ലാതെയുള്ള മലകയറ്റവും ജീവന്‍ നഷ്ടമാക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും ഡോ. പ്രഷോദ് പറഞ്ഞു. പമ്പയില്‍നിന്ന് മല കയറുന്ന അയ്യപ്പന്മാര്‍ക്ക് അടിയന്തര വൈദ്യസഹായത്തിനായി 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി) ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. മകര വിളക്കു പ്രമാണിച്ച് ജനുവരി ഒന്നുമുതല്‍ കരിമലയില്‍ ഒരു ഡിസ്‌പെന്‍സറി കൂടി പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മല, മരക്കൂട്ടം, വാവര്‍നട, പാണ്ടിത്താവളം, സന്നിധാനം എന്നിവിടങ്ങളിലെ ഇ.എം.സിയിലൂടെ ഭക്തര്‍ക്ക് വൈദ്യസഹായം നല്‍കിവരുന്നുണ്ട്. ഇവിടങ്ങളിലെത്തുന്ന രോഗികളില്‍ ഗുരുതരപ്രശ്‌നമുള്ളവരെ സന്നിധാനത്തെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള സൗകര്യമുണ്ട്.അവിടെ നിന്നു പ്രാഥമിക ചികിത്സ നല്‍കി പമ്പയിലേക്കും തുടര്‍ന്നു പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോകും. ഇതിനായി ദേവസ്വം ബോര്‍ഡിന്റെ ആംബുലന്‍സ് സേവനം മുഴുവന്‍ സമയവും ലഭ്യമാണ്. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, അനസ്തീഷ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി എന്നിങ്ങനെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 ഡോക്ടര്‍മാര്‍, എട്ട് നഴ്‌സുമാര്‍, നാല് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് അറ്റന്‍ഡര്‍മാര്‍, അഞ്ച് ഫാര്‍മസിസ്റ്റുകള്‍, രണ്ട് ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരുടെ സേവനം മുഴുവന്‍ സമയവും സന്നിധാനത്തെ ആശുപത്രിയില്‍ ലഭ്യമാണ്.
സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടിയെത്തിയത് 44,484 പേര്‍.