അയ്മനം ഫെസ്റ്റ് ആഘോഷമാക്കി നാട്, 'അരങ്ങ്' ഇന്ന് സമാപിക്കും.


അയ്മനം: നാടിന് ഉത്സവഛായ നൽകിയ അയ്മനം ഫെസ്റ്റ് 'അരങ്ങി'ന് ഇന്ന് സമാപനം. ഫുഡ് ഫെസ്റ്റും പ്രദർശന വിപണന മേളയും കലാമേളയും എട്ടുകളിവരെയുള്ള മത്സരങ്ങളുമായി അരങ്ങ് ഗ്രാമത്തിന്റെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്ന പുത്തൻ ചുവടുവയ്പ്പായി. രാവിലെ ഒമ്പതിന് അയ്മനത്തിന്റെ ടൂറിസം വികസനം സംബന്ധിച്ച സെമിനാർ നടക്കും.

 

 മുൻ എം.എൽ.എ. അഡ്വ. കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് സബിതാ പ്രേംജി അധ്യക്ഷയാകും. ടൂറിസം മേഖലയിലെ മികച്ച വ്യക്തിത്വങ്ങളെ ആദരിക്കും.  സെമിനാറിൽ ടൂർഫെഡ് എം.ഡി. ടി.കെ. ഗോപകുമാർ മോഡറേറ്ററായിരിക്കും. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ ആർ. രൂപേഷ് കുമാർ വിഷയാവതരണം നടത്തും. ചർച്ചയിൽ പങ്കെടുത്ത് റോബിൻ സി. കോശി, അരുൺ കുമാർ, ജി. ശംഭു, ജോർജ് തോമസ്, സുനിൽ കെ. ജോർജ്, ബാബു ഉഷസ്, ഷനോജ് കുമാർ, എം.പി. വിനീത്, എം.എൻ. ഗോപാല കൃഷ്ണപ്പണിക്കർ, അശോകൻ കരീമഠം എന്നിവർ സംസാരിക്കും. 

വൈകിട്ട് മൂന്നിന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. കുടയംപടി ജംഗ്ഷനിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും.  അയ്മനത്ത്‌ വൈകിട്ട് അഞ്ചിന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി. എൻ. വാസവൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ മികച്ച സംരഭകരെ ആദരിക്കും. വൈകിട്ട് 6.30ന് ഭാരത് ഭവന്റെ 'ലഹരിക്കൂത്ത്' (നിഴൽപാവക്കൂത്ത്). 7.30ന് ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകം ലക്ഷ്യം എന്നിവ നടക്കും. അയ്മനം ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ സാംസ്‌ക്കാരിക നായകരെ ആദരിച്ചിരുന്നു. 

അയ്മനം ഫെസ്റ്റ് 'അരങ്ങ് 2022' ന്റെ ഭാഗമായി ചലച്ചിത്രതാരം ആശാ ശരത് നൃത്തസന്ധ്യ അവതരിപ്പിച്ചിരുന്നു. സാംസ്‌കാരിക വകുപ്പിന്റെയും അയ്മനം ഗ്രാമപഞ്ചായത്തിന്റെയും അയ്മനം, കുടമാളൂർ, മര്യാതുരുത്ത് സർവീസ് സഹകരണ ബാങ്കുകളുടേയും സംയുക്താഭിമുഖ്യത്തിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചത്.