അയ്മനം: അയ്മനം ഫെസ്റ്റിനോടനുബന്ധിച്ച് അയ്മനം ദേവസ്വം ബോർഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശന-വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പിന്റെയും അയ്മനം ഗ്രാമപഞ്ചായത്തിന്റെയും അയ്മനം, കുടമാളൂർ, മര്യാതുരുത്ത് സർവീസ് സഹകരണ ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തിൽ 'അരങ്ങ് 2022 'എന്ന പേരിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ സംരംഭകരുടെയും വിവിധ സ്വയംതൊഴിൽ സംരംഭകരുടെയും വിവിധ വകുപ്പുകളുടേതുമായി 40 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ഭക്ഷ്യോത്പന്നങ്ങൾ, പുരാവസ്തുക്കൾ, തുണിത്തരങ്ങൾ, കാർഷിക വിളകൾ, കരകൗശല വസ്തുക്കൾ, ഭക്ഷ്യമേള മുതലയായവയുടെ പ്രദർശനവും വിപണനവുമാണുള്ളത്. വനിതകളുടെ വടംവലി മത്സരം, എട്ടുകളി മത്സരം, കുട്ടികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും വിവിധ കലാകായിക മത്സരങ്ങൾ എന്നിവ അരങ്ങേറി. വിളംബര റാലിയും നടന്നു. അയ്മനം ഫെസ്റ്റ് 'അരങ്ങ് 2022'ന്റെ ഉദ്ഘാടനം ബുധനാഴ്ച ഡിസംബർ 28 വൈകിട്ട് അഞ്ചിന് അയ്മനം നരസിംഹ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.
സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അധ്യക്ഷയാകും. ജോസ് കെ. മാണി എം.പി. മുഖ്യാതിഥിയാവും. ചലച്ചിത്രതാരം മധുപാൽ അയ്മനം ഫെസ്റ്റ് സന്ദേശം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ജില്ലാപഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, ഡോ. റോസമ്മ സോണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. കെ ഷാജിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. രതീഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വിജി രാജേഷ്, കെ.ആർ. ജഗദീഷ്, കെ. ദേവകി, ഗ്രാമ പഞ്ചായത്തംഗം പ്രമോദ് തങ്കച്ചൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാരായ കെ.കെ. ഭാനു, കെ.പി. രാധാകൃഷ്ണൻ നായർ, സി.ഡി.എസ്. ചെയർപേഴ്‌സൺ സൗമ്യമോൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. എം. അനി, ജയ്‌മോൻ കരീമഠം, രാജേഷ് തമ്പി, രാജേഷ് ചാണ്ടി, ജോസഫ് മണലിൽ, രാധാകൃഷ്ണൻ, അരുൺ, സോണി മാത്യു എന്നിവർ പങ്കെടുക്കും.
ഡിസംബർ 30 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ വിവിധ കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന വിവിധ സെമിനാറുകൾ, കലാപരിപാടികൾ എന്നിവ നടക്കും.