അയ്മനം ഫെസ്റ്റ് അരങ്ങ് 2022:കർഷകർക്കും തൊഴിലാളികൾക്കും അയ്മനത്തിന്റെ ആദരം.


കോട്ടയം: അന്നം ഊട്ടുന്ന കർഷരെ ആദരിക്കുന്നതിനപ്പുറം അവർക്കാവശ്യമുള്ളവ ഒരുക്കിനൽകാനുള്ള ഉത്തരവാദിത്തം നാട് ഏറ്റെടുക്കണമെന്ന് ചലച്ചിത്രതാരവും എം.എൽ.എ.യുമായ എം. മുകേഷ്. അയ്മനം ഫെസ്റ്റ് 'അരങ്ങ് 2022' ഭാഗമായി നടന്ന കർഷകരെയും കർഷകതൊഴിലാളികളെയും ആദരിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

 കർഷകരെയും കർഷകത്തൊഴിലാളികളെയും ആദരിക്കുന്ന സംസ്‌കാരം നാടിന്റെയും നാടിന്റെ ഭരണാധികാരികളുടെയും നന്മയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകരെ എം.എൽ.എ. ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം അധ്യക്ഷനായി. അയ്മനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഭാനു,  കാംപ്കോസ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണൻ, കരിനില വികസന ഏജൻസി ചെയർമാൻ ഇ.എൻ. ദാസപ്പൻ, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. 

'അയ്മനം ഉൾപ്പെടുന്ന അപ്പർകുട്ടനാട്ടിലെ കാർഷിക മേഖലയുടെ സാധ്യതകളും പ്രശ്നങ്ങളും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജില്ലാ കൃഷി ഓഫീസർ ഗീതാവർഗീസ്, പ്രൊഫ. വി.എസ്. ദേവി, ജോസ്നാമോൾ കുര്യൻ എന്നിവർ സംസാരിച്ചു. അരങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച എട്ടുകളി മത്സരവും ചലച്ചിത്ര താരം എം. മുകേഷ് ഉദ്ഘാടനം ചെയ്്തു. ഓണക്കാലത്തിന്റെ അർപ്പുവിളികൾ നിറഞ്ഞ അന്തരീക്ഷത്തിൽ പതിനാറു ടീമുകളാണ് മാറ്റുരച്ചത്. കുടമാളൂർ സ്‌കൂൾ മൈതാനത്തും അരങ്ങ് മത്സര വേദിയിലുമായി നടന്ന മത്സരം കാണാൻ നൂറികണക്കിനാളുകളെത്തി.