ജില്ലാതല ബാങ്കിങ് അവലോകനസമിതി യോഗം ചേർന്നു, കോട്ടയം ജില്ലയിൽ ബാങ്കുകൾ നൽകിയത് 9619 കോടിയുടെ വായ്പ.


കോട്ടയം: കോട്ടയം ജില്ലയിൽ ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വിവിധ ബാങ്കുകൾ 9619 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിങ് അവലോകനസമിതി യോഗം വിലയിരുത്തി. സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാംപാദത്തിൽ 3807 കോടി രൂപ കാർഷിക മേഖലയിലും 1325 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിലും 348 കോടി രൂപ വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണന മേഖലയിലും വായ്പയായി വിതരണംചെയ്തു.

 

 വ്യക്തിഗത വായ്പ, വാഹന വായ്പ എന്നിവ അടങ്ങുന്ന മുൻഗണന ഇതര വിഭാഗത്തിൽ 4139 കോടി രൂപ നൽകിയിട്ടുണ്ട്. ആകെ വിതരണം ചെയ്ത വായ്പയിൽ 5479 കോടി രൂപ മുൻഗണന വിഭാഗത്തിലാണെന്ന് എസ്.ബി.ഐ. കോട്ടയം റീജണൽ മാനേജർ ബിജേഷ് ബാലൻ യോഗത്തെ അറിയിച്ചു. കോട്ടയം ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ നീക്കിയിരിപ്പ് 30156 കോടിയും നിക്ഷേപ നീക്കിയിരിപ്പ് 58160 കോടിയുമാണ്. ഹോട്ടൽ ഐഡയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയായി. 

ലീഡ് ജില്ലാ മാനേജർ അലക്സ് മണ്ണൂരാൻപറമ്പിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ, വ്യവസായ വായ്പകൾ അനുവദിക്കുന്നതിലെ ബാങ്കുകളുടെ കാലതാമസം കുറയ്ക്കണമെന്നും സർക്കാരിന്റെ വിവിധ സാമൂഹികക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ഉപഭോക്താക്കളിലേക്ക് സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്നും നിർമ്മല ജിമ്മി ആവശ്യപ്പെട്ടു. 

ആർ.ബി.ഐ. എൽ.ഡി.ഒ. എ.കെ. കാർത്തിക്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ  സുനിൽ ദത്ത്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിജു തോമസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ  ശാരദ എന്നിവർ സംസാരിച്ചു.