കോട്ടയം: കേരള-കർണാടക തീരത്ത് തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ച മാൻ ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായ ചക്രവാതചുഴി ന്യുന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം ഇന്ത്യൻ തീരത്ത് നിന്ന് അകന്നു അടുത്ത 2-3 ദിവസത്തിനുള്ളിൽ ദുർബലമാകാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡിസംബർ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.