ശബരിമല: സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഏറെ ആശ്വാസം പകരുന്ന സംവിധാനമാണ് സര്‍ക്കാരിന്റെ കാരുണ്യ ഫാര്‍മസി. സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുവിധപ്പെട്ട എല്ലാ മരുന്നുകളും ലഭ്യമാണെങ്കിലും ചിലഘട്ടങ്ങളില്‍ പുറത്തുനിന്നുള്ള മരുന്നകള്‍ ആവശ്യമായി വരും. അങ്ങനെ വരുന്ന രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ മരുന്നുകള്‍ ലഭ്യമാകുന്ന സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ഫാര്‍മസിയെ ആശ്രയിക്കാം.
20 മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ ഇവിടെ നിന്ന് മരുന്നുകളും മറ്റ് അനുബന്ധ സാധനങ്ങളും ലഭ്യമാകും. ഇന്‍ഹെയ്‌ലറുകള്‍, ഇന്‍സുലിന്‍, മറ്റ് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന മരുന്നുകളും ഇവിടെയുണ്ട്. ശബരിമല കയറി വരുന്ന ഭക്തര്‍ക്ക് പേശിവേദന അനുഭവപ്പെടുകയാണെങ്കില്‍ അവര്‍ക്ക് ആവശ്യമായ നീ ക്യാപ്പ്, ആംഗിള്‍ ക്യാപ്പ് ഉള്‍പ്പെടെയുള്ള സാമഗ്രികളും ഫാര്‍മസിയില്‍ നിന്ന് ലഭിക്കും.
ശബരിമല സര്‍ക്കാര്‍ ആശുപത്രിയോട് ചേര്‍ന്ന് തന്നെയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസി സജ്ജമാക്കയിട്ടുള്ളത്. പ്രതിദിനം നിരവധിയാളുകളാണ് ഫാര്‍മസിയുടെ സേവനം തേടുന്നതെന്നും അവശ്യമരുന്നുകളെല്ലാം തന്നെ ഇവിടെ ലഭ്യമാണെന്നും പമ്പ- സന്നിധാനം ഫാര്‍മസി ഇന്‍ചാര്‍ജ് ബി. വിനീത് പറഞ്ഞു.