കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ നിന്നും കാത്തിരുന്ന ആ സന്ദേശമെത്തി, ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരന്‍ മണികണ്ഠൻ സുഖ


കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ നിന്നും കാത്തിരുന്ന ആ സന്ദേശമെത്തി, ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരന്‍ മണികണ്ഠൻ സുഖം പ്രാപിച്ചു നാട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെയാണ് മണികണ്ഠൻ ആശുപത്രിയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്.

 

പത്തനംതിട്ട ളാഹയില്‍ കഴിഞ്ഞ മാസമുണ്ടായ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടുവയസുകാരന്‍ മണികണ്ഠന്‍ ഒരുമാസത്തോളമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വീട്ടിലേക്ക് മടങ്ങും മുൻപ് ആരോഗ്യ മന്ത്രി വീണാ ജോർജ്ജുമായി മണികണ്ഠനും പിതാവ് നാഗ വെങ്കിട്ട കൃഷ്ണ റാവുവും സംസാരിച്ചു. ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ ഹൃദയത്തിന്റെ സന്തോഷം അവര്‍ പങ്കുവച്ചു. അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിയ കുട്ടി ജീവിതത്തിലേക്ക് മടങ്ങുന്നത് കാത്ത് കണ്ണീരോടെ അച്ഛന്‍ ഇരുന്നത് മറക്കാനാകില്ല എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

 

കഴിഞ്ഞ മാസം പത്തനംതിട്ട ളാഹയിൽ വെച്ച് വിജയവാഡയിൽ നിന്നും എത്തിയ ശബരിമല തീർത്ഥാടകരുടെ ബസ്സ് ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. കരള്‍, ശ്വാസകോശം, കൈ, കാല് തുടങ്ങിയ പല ഭാഗങ്ങളില്‍ പരിക്കുകളുണ്ടായിരുന്നു. മുതുകിന്റെ ഭാഗത്ത് തൊലിയും മസിലും നഷ്ടമായിരുന്നു. ഉടന്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രൂപീകരിക്കുകയും അന്നു തന്നെ സങ്കീര്‍ണ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തൊലിയും മസിലും വച്ചു പിടിപ്പിച്ചു. വലിയ സാമ്പത്തിക ചെലവ് വരുമായിരുന്ന സര്‍ജറിയായിരുന്നു അത്. 

പ്രഷര്‍ ട്രെയിനേജ് ചികിത്സയും നല്‍കി. അതും വിജയകരമായി. ആദ്യ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലും തുടര്‍ന്ന് പീഡിയാട്രിക് സര്‍ജറി ഐസിയുവിലും പിന്നീട് വാര്‍ഡിലും ചികിത്സ നല്‍കി. മികച്ച പരിചരണത്തിലൂടെ മണികണ്ഠന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.