കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം, ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു; തോമസ് ചാഴികാടൻ.


കോട്ടയം: കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്ന തരത്തിൽ 1972 ലെ വനം വന്യജീവി (സംരക്ഷണ) നിയമത്തിൽ ഭേദഗതി നിർദേശിച്ചുകൊണ്ട് ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതായി തോമസ് ചാഴികാടൻ എം പി പറഞ്ഞു. കർഷകർക്കു സ്വയരക്ഷ ഉറപ്പാക്കുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും ഇത്തരം ക്ഷുദ്രജീവികളെ വെടിവെക്കുവാൻ അനുവദിക്കുന്ന തരത്തിലും നിയമം പരിഷ്കരിക്കാനുള്ള നിർദേശം ആണ് മുന്നോട്ടു വച്ചിരിക്കുന്നത് എന്ന് എം പി പറഞ്ഞു.

 

കാട്ടുപന്നികൾ ഉൾപ്പെടെയുള്ള  വന്യജീവികളുടെ ആക്രമണം മൂലം കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും കർഷകർ വലിയ ദുരിതമാണ്  നേരിടുന്നത്‍. ഇതിനെതിരെ  കർഷകർ നിരന്തര പോരാട്ടത്തിലാണ്. കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും കടന്നുകയറുന്ന വന്യജീവികളിൽ കാട്ടുപന്നികൾ മുൻപന്തിയിലാണ്. ഇവ മനുഷ്യജീവനും ഭീഷണിയാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കാട്ടുപന്നികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇവയ്ക്ക് ആവശ്യമായ തീറ്റിയും വെള്ളവും കാട്ടിൽ ലഭ്യമല്ലാത്തതിനാൽ ജനവാസ കേന്ദ്രങ്ങളിലേക്കും, കൃഷിയിടങ്ങളിലേക്കും കടന്നുകയറുകയാണ്.

 

കിടങ്ങുകളും, സോളാർ വേലികളും ഉൾപ്പെടെയുളള പ്രതിരോധ നടപടികൾ വിജയിക്കുന്നില്ല എന്നും 1972ലെ വനം - വന്യജീവി സംരക്ഷണ നിയമത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ ആവശ്യമായ ഭേദഗതി സർക്കാർ കൊണ്ടുവന്നിട്ടില്ല എന്നും എം പി പറഞ്ഞു. കർഷകർക്ക് സ്വയരക്ഷക്കുള്ള നടപടി സ്വീകരിക്കാൻ അനുവദിക്കത്തക്ക വിധത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുവാനുള്ള ഭേദഗതി കൊണ്ടുവരുവാനുള്ള ബില്ലാണ് ലോകസഭയിൽ അവതരിപ്പിച്ചത് എന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു.