ദേശീയ സരസ് മേള: ചിരട്ടയിൽ കരവിരുത് തീർത്ത് ശിവൻകുട്ടിയും സരളയും.


കോട്ടയം: വാൽക്കണ്ണാടി മുതൽ ചക്ക വിളഞ്ഞു നിൽക്കുന്ന പ്ലാവും, തെങ്ങും വരെ ചിരട്ടയിൽ വിസ്മയങ്ങൾ നിർമ്മിച്ച് കോട്ടയത്ത് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയിൽ സന്ദർശകരെ ആകർഷിക്കുകയാണ് കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശികളായ ശിവൻകുട്ടിയും ഭാര്യ സരളയും. 

തവി, കപ്പ്, പുട്ടുകുറ്റി, ജഗ്ഗ്, തുടങ്ങിയ ഗൃഹോപകരണങ്ങൾ മുതൽ മൂങ്ങ, കൊക്ക്, കിളികൾ, മയിൽ, പക്ഷികൾ, വണ്ട്, പ്രാണികൾ എന്നിങ്ങനെ വിവിധ രൂപത്തിലുള്ള കരകൗശല വസ്തുക്കൾ ഇവർ മേളയിൽ എത്തിച്ചിട്ടുണ്ട്. കൃഷ്ണാഞ്ജലി കോക്കനട്ട് ഷെൽ ക്രാഫ്റ്റ് എന്ന പേരിലാണ് വീട്ടിൽ കൗശല വസ്തുക്കൾ നിർമ്മിക്കുന്നത്. നിർമ്മാണ മേഖലയിൽ തൊഴിലാളി ആയിരുന്ന ശിവൻകുട്ടി മൂന്നു വർഷം മുമ്പാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. 

തിരുവനന്തപുരത്തെ വെള്ളയമ്പലത്തെ കരകൗശല ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനവും നേടിയിട്ടുണ്ട് ശിവൻകുട്ടി. സരസ് മേളയിൽ ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾ കൊണ്ട് സന്ദർശകരെ ആകർഷിക്കുകയാണ് ദമ്പതികളായ ശിവൻകുട്ടിയും സരളയും.