കോട്ടയം: സ്വയം പര്യാപ്തതയുടെ ചരിത്രമെഴുതിയ കാല്‍ നൂറ്റാണ്ട് എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീയെക്കുറിച്ച് സരസ് മേളയിൽ ക്വിസ് മത്സരം. സരസ് മേളയുടെ ഉദ്ഘാടന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് മത്സരം ഉദ്ഘാടനം ചെയ്തു.
സ്റ്റാളുകളിലേക്ക് കയറുന്നതിന് മുന്‍പ് പ്രവേശന കവാടത്തിനടുത്ത് കുടുംബശ്രീ പിന്നിട്ട 25 വര്‍ഷങ്ങളുടെ ചരിത്രത്തെക്കുറിച്ച് വിശദമാക്കിയിരിക്കുന്ന എഴുത്തുകളിലൂടെ കടന്ന് പോകുന്നവര്‍ക്ക് എളുപ്പത്തില്‍ ഉത്തരം നല്‍കാവുന്ന വിധത്തിലാണ് ചോദ്യങ്ങള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഒരാള്‍ മൂന്ന് ചോദ്യങ്ങള്‍ക്കാണ് ശരിയുത്തരം നല്‍കേണ്ടത്. ഒന്നില്‍ കൂടുതല്‍ പേര്‍ ശരിയുത്തരം നല്‍കിയാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കും.
ഓരോ ദിവസത്തെയും വിജയികള്‍ക്ക് 5000 രൂപ വിലവരുന്ന ഉത്പ്പന്നങ്ങളാണ് സമ്മാനമായി നല്‍കുക. 4000 രൂപയുടെ കുടുംബശ്രീ ഉത്പ്പന്നങ്ങളും 1000 രൂപയുടെ ഇതര ഉത്പ്പന്നങ്ങളുമാണ് നല്‍കുക. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പവലിയനില്‍ സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനില്‍ രജിസ്റ്റര്‍ ചെയ്താണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു തവണ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ.