കോട്ടയം ജില്ലയിൽ പെയ്ത'അതിതീവ്രമഴ'യിൽ ഒരേ സമയം നാലു താലൂക്കുകളിൽ 'വെള്ളപ്പൊക്കം', കൂട്ടിക്കലിൽ'മണ്ണിടിച്ചിൽ'; രക്ഷാപ്രവർത്തന മികവായി മോക്ഡ്രിൽ.


കോട്ടയം: കോട്ടയം ജില്ലയിൽ പെയ്ത'അതിതീവ്രമഴ'യിൽ ഒരേ സമയം നാലു താലൂക്കുകളിൽ 'വെള്ളപ്പൊക്കം'. കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കലിൽ 'മണ്ണിടിച്ചിൽ'. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരേ സമയം എല്ലാ സ്ഥലങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ... കോട്ടയം ജില്ലയിൽ വിവിധ വകുപ്പുകളുടെ ദുരന്തനിവാരണ രക്ഷാപ്രവർത്തനങ്ങളുടെ പ്രതികരണശേഷിയും കരുത്തും വ്യക്തമാക്കി മോക്ഡ്രിൽ നടത്തി. ഇതാദ്യമായാണ് എല്ലാ താലൂക്കുകളിലും ഒരേ സമയം മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

 

 രാവിലെ ഒമ്പതിന് പടിഞ്ഞാറൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച മുന്നറിയിപ്പ് ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ (ഡി.ഇ.ഒ.സി.) ലഭിച്ചതോടെയാണ് മോക് ഡ്രില്ലിന് തുടക്കമായത്. വിവരം ഉടൻ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകൾക്ക് കൈമാറി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും എ.ഡി.എം. ജിനു പുന്നൂസും ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലെത്തി ദുരന്തനിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. മീനച്ചിലിൽ ആർ.ഡി.ഒ.യും മറ്റിടങ്ങളിൽ തഹസിൽദാർമാരും ഇൻസിഡന്റ് റെസ്‌പോൺസ് (ഐ.ആർ.എസ്) ഓഫീസർമാരായി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



 കോട്ടയത്ത് തിരുവാർപ്പ് പഞ്ചായത്തിലും ചങ്ങനാശേരിയിൽ വാഴപ്പള്ളി പാറാലും വൈക്കത്ത് ഉദയനാപുരം വല്ലകം വാഴമന ഭാഗത്തും പാലായിൽ നഗരസഭയിലുമാണ് 'വെള്ളപ്പൊക്ക'മുണ്ടായത്. കൂട്ടിക്കലിൽ അഞ്ചുമരം ഭാഗത്താണ് 'മണ്ണിടിച്ചിലു'ണ്ടായത്. തഹസിൽദാൽമാരുടെ നേതൃത്വത്തിൽ ആണ് ജില്ലയിൽ വിവിധ താലൂക്കുകളിൽ വെള്ളപ്പൊക്കരക്ഷ പ്രവർത്തന മോക്ഡ്രിൽ നടത്തിയത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കുടുംബങ്ങളിലെ ആളുകളെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കുക, റിലീഫ് ക്യാമ്പിലേക്ക് മാറ്റുക, അബദ്ധവശാൽ കാൽവഴുതി കുളത്തിൽ വീണയാളെ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്,ഡിങ്കി (റബ്ബർ ബോട്ട് ),റോപ് എന്നിവയുടെ സഹായത്താൽ രക്ഷപ്പെടുത്തി ആംബുലൻസിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക, 



ഒഴിഞ്ഞു പോകാൻ വിസമ്മതിച്ച ഒരാളെ പോലീസ് ബലമായി ഒഴിപ്പിക്കുക എന്നിവയായിരുന്നു മോക്ഡ്രില്ലിൽ പ്രധാനപ്പെട്ടവ. എൻ ഡി ആർ എഫ്, റവന്യൂ, ഹെൽത്ത്, പഞ്ചായത്ത്‌ വകുപ്പുകൾ പ്രവർത്തനങ്ങളിൽ ഹാജരായിരുന്നു. സിവിൽ ഡിഫൻസ്, എൻ സി സി, എസ് പി സി വോളന്റീർസ് തുടങ്ങിയവർ മോക്ഡ്രില്ലിൽ പങ്കെടുത്തു. കോട്ടയം ഫയർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ കോട്ടയം താലൂക്കിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വെള്ളപ്പൊക്കരക്ഷ പ്രവർത്തന മോക്ഡ്രിൽ കോട്ടയം തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തി. തിരുവാർപ്പ് പഞ്ചായത്തിലെ മാധവശ്ശേരി കോളനി എന്ന സ്ഥലത്ത് വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 18 കുടുംബങ്ങളിലെ 32 ആളുകളെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കുകയും റിലീഫ് ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു. 



രോഗബാധിതരായവർ, കുട്ടികൾ, ഗർഭിണിയായ സ്ത്രീ, രണ്ടാം നിലയിൽ കുടുങ്ങിയ വൃദ്ധൻ, അബദ്ധവശാൽ കാൽവഴുതി കുളത്തിൽ വീണയാൾ എന്നിവരെ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്,ഡിങ്കി (റബ്ബർ ബോട്ട് ),റോപ് എന്നിവയുടെ സഹായത്താൽ മോക്ഡ്രില്ലിൽ ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തി.