കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയെ ജില്ല ഉത്സവമാക്കിയപ്പോൾ ഒൻപതു ദിവസം കൊണ്ട് കുടുംബശ്രീ സംരംഭകർ നേടിയത് 7.33 കോടി രൂപയുടെ വരുമാനം. ഡിസംബർ 23 വരെയുള്ള കണക്ക് പ്രകാരം 6.45 കോടിയാണ് 243 പ്രദർശന വിപണ സ്റ്റാളുകളിൽ നിന്ന് മാത്രമുള്ള വരുമാനം.
സരസിലെ ഭക്ഷണവൈവിധ്യത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത് 87.94 ലക്ഷം രൂപയാണ് ഭക്ഷ്യമേളയ്ക്ക് ലഭിച്ചത്. മേള ആരംഭിച്ച ഡിസംബർ 15ന് 17.67 ലക്ഷവും 16ന് 40.38 ലക്ഷവും 17ന് 75.93 ലക്ഷവും 18ന് 92.76 ലക്ഷവും 19ന് 79.68 ലക്ഷവും 20 ന് 1.03 കോടിയും 21 ന് ഒരു കോടിയും 22ന് 1.05 കോടിയും 23 ന് 1.17 കോടി രൂപയുടെയും വിപണനമാണ് മേളയിൽ നടന്നത്. പ്രദർശന വിപണന സ്റ്റാളുകളിൽ ഏറ്റവുമധികം വിൽപ്പന നടന്നത് തൃശൂരിൽ നിന്നെത്തിയ കുടുംബശ്രീ വസ്ത്ര വിപണസ്റ്റാളുകളിലാണ്.
തൃശൂരിൽ നിന്നെത്തിയ മൂന്നു സ്റ്റാളുകളിലായി യഥാക്രമം 11.58 ലക്ഷം, 11.13 ലക്ഷം, 10.35 ലക്ഷം രൂപ എന്നിങ്ങനെ വിൽപ്പന നടന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ സ്റ്റാളുകളിൽ മഹാരാഷ്ട്രയിൽനിന്നുള്ള സ്റ്റാളുകളാണ് നേട്ടം കൊയ്തത്. ഇവിടെ നിന്നുള്ള ഡ്രൈ ഫ്രൂട്ട്‌സ് 747000 രൂപയുടെയും കിസ്മിസ് സ്റ്റാൾ 531000 രൂപയുടെയും വിൽപ്പന നടത്തി. ഭക്ഷ്യമേളയിൽ കണ്ണൂരിന്റെ രുചി വൈവിധ്യങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 10.69 ലക്ഷം രൂപയുടെ വിൽപ്പന നടത്തി. 7.04 ലക്ഷം രൂപയുടെ വിൽപന നടത്തി മലപ്പുറം രണ്ടാം സ്ഥാനത്തുണ്ട്.
ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട എറണാകുളത്ത് നിന്നുള്ള ജ്യൂസ് സെന്റർ നേടിയത് 5.06 ലക്ഷം രൂപയാണ്. ഇതരസംസ്ഥാനത്തുള്ള ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് തെലുങ്കാന സ്റ്റാളിന്റേതാണ്. 3.8 ലക്ഷം രൂപയുടെ രുചിവിഭവങ്ങളാണ് ഇവിടെനിന്ന് വിറ്റുപോയത്. മേള ശനിയാഴ്ച അവസാനിച്ചു.