കോട്ടയം: മണ്ണിലും തടിയിലും വിസ്മയങ്ങൾ തീർത്ത് തമിഴ്നാട്ടിൽ നിന്നുള്ള വനിതാ സംരംഭകർ. തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ബ്ലോക്കിലെ തേൻകിരനൂർ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള വനിതാ സംരംഭകരാണ് മണ്ണിലും തടിയിലും തീർത്ത നിരവധി മനോഹര ശിൽപങ്ങളുമായി കുടുംബശ്രീ ദേശിയ സരസ് മേളയ്ക്ക് എത്തിയത്.
'മരചിർപ്പം' എന്ന പേരിൽ 30 പേർ അടങ്ങുന്ന സ്വയംസഹായസംഘമാണ് ശിൽപങ്ങൾ നിർമിക്കുന്നത്. പഞ്ചായത്തിന്റെ സഹായത്തോടെ വനിതാ സംരഭകർക്കായി ഒരു നിർമാണ യൂണിറ്റും അനുവദിച്ച് നൽകിയിട്ടുണ്ട്. ഒറ്റത്തടിയിൽ തീർത്ത ഗണപതി, ബുദ്ധൻ, അരയന്നം, കളിമണ്ണിൽ നിർമിച്ച അന, മുയൽ, പഴങ്ങൾ, കുടുക്കകൾ എന്നിവ മനോഹരമാണ്. യന്ത്രസഹായമില്ലാതെ കൊത്തുപണിയിലൂടെയാണ് ശിൽപങ്ങൾ തീർത്തിരിക്കുന്നത്.
വാക, അത്തി, തേക്ക് മുതലായ തടികളാണ് ശിൽപങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. 15 മുതൽ 30 ദിവസം വരെ സമയമെടുത്താണ് ഓരോ ശിൽപങ്ങളും നിർമിക്കുന്നത്. തമിഴ്നാട് കൂടാതെ ലഭിക്കുന്ന ഓർഡർ അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവർ ശിൽപങ്ങൾ നിർമിച്ച് അയയ്ക്കുന്നുണ്ട്. 100 രൂപയിൽ തുടങ്ങുന്ന കളിമൺ ശിൽപങ്ങളിൽ തുടങ്ങി 9000 രൂപയോളം വിലവരുന്ന തടി ശിൽപങ്ങളും ഇവരുടെ പക്കലുണ്ട്.