കോട്ടയം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി എട്ട് ലക്ഷം രൂപയുടെ കാർഷികോൽപന്ന വിതരണ പദ്ധതിയുമായി തലനാട് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ, ഫലവൃക്ഷത്തൈകൾ, വാഴവിത്തുകൾ, മൺചട്ടികൾ എന്നിവ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ വിതരണോദ്ഘാടനം നിർവഹിച്ചു. സുഭിക്ഷകേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് എട്ട് ലക്ഷം രൂപയുടെ പദ്ധതികൾ വ്യക്തിഗത ആനുകൂല്യത്തിലുൾപ്പെടുത്തി ജനങ്ങൾക്ക് നൽകിയത്. ഫലവൃക്ഷത്തെ വിതരണം പദ്ധതിയിലൂടെ ബഡ് റംബൂട്ടാൻ, ബഡ് പ്ലാവ് എന്നിവ രണ്ടെണ്ണം വീതം നൽകും. ഒരു യൂണിറ്റിന് 187 രൂപയാണ് ഗുണഭോക്തൃ വിഹിതമായി അടയ്ക്കേണ്ടത്. ഏത്തവാഴ വിത്തുകളും പച്ചക്കറിത്തൈകളും സൗജന്യമായാണ് നൽകുന്നത്.
വഴുതന, ചീനി, പാവൽ, തക്കാളി എന്നിവയുടെ തൈകളാണ് നൽകുന്നത്. പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും പദ്ധതിയിലൂടെ ഒരാൾക്ക് 20 മൺ ചട്ടികൾ നൽകും. ചട്ടിയിൽ നിറയ്ക്കാനുള്ള എല്ല് പൊടി, വേപ്പിൻപിണ്ണാക്ക്, ചകിരിചോർ, വെർമി കമ്പോസ്റ്റ് മുതലായവ അടങ്ങിയ വളക്കൂട്ടുകളും പച്ചക്കറി തൈകളും നൽകും.
കൃഷി ഓഫീസർ അജ്മൽ അജാസ് പദ്ധതി വിശദീകരണം നടത്തി. വികസന സ്ഥിരം സമിതി അധ്യക്ഷരായ വത്സമ്മ ഗോപിനാഥ്, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.