കുടുംബശ്രീ ദേശീയ സരസ് മേള: പുട്ടു പോലെ അകത്താക്കാം; ചെമ്മീൻ, ചിക്കൻ, ബീഫ്!


കോട്ടയം: പുട്ടിന് പീരപോലെ എന്നുപറഞ്ഞാൽ തേങ്ങയായിരുന്നത് പഴങ്കഥയാണ്. ഇപ്പോൾ ചിക്കനും ബീഫും ചെമ്മീനും അടക്കം 'നോൺ' പീരയാണ് പുട്ടിന് പ്രിയം. സരസ് ദേശീയ മേളയിലെത്തുന്നവർക്ക് 'വെറൈറ്റി' പുട്ടുകളുടെ വിരുന്നൊരുക്കുകയാണ് എറണാകുളം ജില്ലാ കുടുംബശ്രീ മിഷന് കീഴിലുള്ള പ്രിയദർശിനി, ആരാധന എന്നീ കുടുംബശ്രീകൾ ചേർന്നൊരുക്കുന്ന സ്റ്റാൾ. 

ചിക്കൻ പുട്ടിനൊപ്പം ചിക്കൻ കറിയും പപ്പടവും ബീഫ് പുട്ടിനൊപ്പം ബീഫും പപ്പടവും ചെമ്മീൻ പുട്ടിനൊപ്പം  പപ്പടവും ലഭിക്കും. 'എക്‌സ്ട്രാ ഫിറ്റിങ്‌സ്' ഉള്ള പുട്ട് വേണ്ടെങ്കിൽ സാദാ പുട്ടും വെജിറ്റബിൾ കറിയും പപ്പടവും സ്റ്റാളിൽ കിട്ടും. ചിക്കൻപുട്ട്, ബീഫ് പുട്ട്, ചെമ്മീൻ പുട്ട്, 150, 180, 150 എന്നിങ്ങനെയാണ് വില. മസാല രുചിയുള്ള പുട്ടുകൾ മാത്രമല്ല കള്ളപ്പവും ബീഫും പാൽക്കപ്പയും മീൻ കറിയും സ്റ്റാളിൽ കിട്ടും. തേങ്ങാപ്പാലിൽ തയാറാക്കുന്ന കപ്പയ്ക്ക് കൂട്ട് കേരമീൻ കറിയാണ്. ചൂടൻ വിഭവങ്ങൾ നാവിനെ എരിപൊരി കൊളളിച്ചാൽ മധുരം പകരാൻ പായസവുമുണ്ട് ഇവിടെ. 

പാലട പായസത്തിനൊപ്പം വ്യത്യസ്തമായ പഞ്ചനക്ഷത്ര പായസവുമുണ്ട്. പഴങ്ങൾ, പഞ്ചസാര, ശർക്കര എന്നിവ ചേർത്താണ് പഞ്ചനക്ഷത്രം സ്റ്റാർ പ്രദർശിപ്പിച്ചത്. വടക്കൻ പറവൂരിലെ പ്രിയദർശിനി, ആരാധന കുടുംബശ്രീകളിലെ സൗമ്യ രാജേഷ്, സിൻഷ മെന്റർമാരായ വനിത, ജി.കെ വിഷ്ണു എന്നിവരാണ് എറണാകുളം സ്റ്റാളിന് ചുക്കാൻ പിടിക്കുന്നത്.