കുടുംബശ്രീ ദേശീയ സരസ് മേള: വരു, അഖിലേന്ത്യാ ഭക്ഷണപര്യടനം നടത്താം.


കോട്ടയം: ടെലിവിഷൻ ചാനലിലൂടെയും ഫുഡ് വ്ളോഗർമാർ വഴിയും കണ്ടറിഞ്ഞ് മാത്രം പരിചയമുള്ള ഉത്തരേന്ത്യൻ വിഭവങ്ങളും കേരളത്തിന്റെ തനത് രുചി വൈഭവങ്ങളും കണ്ടല്ല, കൊണ്ടറിയാൻ തന്നെ സരസിലേക്കു പോരൂ. 

ക്ഷത്രിയ ചിക്കൻ ബിരിയാണി, ക്ഷത്രിയ ചെമ്മീൻ ബിരിയാണി എന്നിങ്ങനെ പേരിൽ തന്നെ കനത്തിലാണ് ആന്ധ്രാപ്രദേശിന്റെ രുചി മണം സരസിൽ പരക്കുന്നത്. മസാലയുടെ എരിപൊരി സഞ്ചാരമാണ് ആന്ധ്രാപ്രദേശ് സ്റ്റാളിന്റെ പ്രത്യേകതയെങ്കിൽ മധുര പലഹാരങ്ങളാണ് രാജസ്ഥാന്റെ തീൻമേശയിൽ. ജിലേബി, സ്വീറ്റ് ലസ്സി, പ്യാജ് കച്ചോരി, ബദാം ഷേക്ക്, ഖൂൽഫി എന്നിങ്ങനെ നീളുന്നു രാജസ്ഥാൻ വിഭവങ്ങൾ. യു.പി പപ്പടം, ഖടി റൈസ്, യു പി സ്പെഷ്യൽ താലി റൈസ്, സ്വീറ്റ് ഘീർ റൈസ്, പൂരി സബ്ജി, രാജ്മ റൈസ് എന്നിവയുമായാണ് യു പി എത്തിയിരിക്കുന്നത്. 

പാനീപൂരി, സമോസ, സേവ് പൂരി, ദാഹി പൂരി, അലൂടിക്ക, ചോല ബട്ടോറി ഗുലാബ് ജാമുൻ തുടങ്ങിയ യാണ് കൂട്ടത്തിൽ പഞ്ചാബിനെ വ്യത്യസ്തമാക്കുന്നത്. ജീരാ ബട്ടർ ചിക്കൻ, ചിക്കൻ ന്യൂഡിൽസ്, ബ്ലാക്ക് ചിക്കൻ കറി, ബ്ലാക്ക് റൈസ് ഖീർ എന്നിവയ്ക്ക് ഒപ്പം പലതരം ചായകളാണ് അസമിന്റെ അടുക്കളയിൽ ഉള്ളത്. വടാപാവ്, പാവ് ബജി, പുരൻപൊളി, എന്നിവയ്ക്ക് ഒപ്പം മഹാരാഷ്ട്ര സ്പെഷ്യൽ സാവ്ജി ചിക്കൻ ബിരിയാണി, സാവ്ജി ചിക്കൻ താലി, മഹാരാഷ്ട്ര വെജ് താലി എന്നിവയാണ് മറാത്തി രുചികൾ. 

ചിക്കൻ മോമോസ്, ഫലോയ് എന്നിങ്ങനെ നീളുന്നു സിക്കിം വിഭവങ്ങൾ. നോർത്ത് ഇന്ത്യൻ വിഭവങ്ങൾക്ക് ഒപ്പം വലുപ്പം ഒട്ടും കുറയാതെ തല ഉയർത്തി നിൽക്കുന്ന കേരളീയ വിഭവങ്ങളും ഫുഡ് കോർട്ടിലെ മിന്നും താരങ്ങളാണ്. തലശേരി ദം ബിരിയാണി, കള്ളപ്പം, താറാവ് കറി, ചിക്കൻ കറി, തൃശൂർ സ്പെഷ്യൽ സ്പാനിഷ് മസാല ദോശ, കോഴിക്കോടൻ സ്നാക്സ്, അട്ടപ്പാടി വനസുന്ദരി, വിവിധ തരം ജൂസുകൾ, ഷേക്കുകൾ എന്നിവയും മേളയിലെ എടുത്തു പറയേണ്ട രുചിക്കൂട്ടുകളാണ്.