വെളിയന്നൂർ പഞ്ചായത്ത് സുവർണ ജൂബിലി ആഘോഷത്തിന് തുടക്കം; വഴിയോര വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു.


കോട്ടയം: വെളിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ സുവർണ ജൂബിലി ആഘോഷവും സുവർണ ജൂബിലി സ്മാരക വഴിയോരവിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ജോസ് കെ. മാണി എം.പി. നിർവഹിച്ചു. അരീക്കര ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.

 

 ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ ചിറ്റേത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി ശശി, സ്ഥിരംസമിതി അധ്യക്ഷരായ ജിമ്മി ജെയിംസ്, ജോമോൻ ജോണി, ബീന സിജു, പഞ്ചായത്തംഗങ്ങളായ സജേഷ് ശശി, ജിൻസൺ ജേക്കബ്, ബിന്ദു ഷിജു, അർച്ചന രതീഷ്, ശരണ്യ വിജയൻ, ബിന്ദു സുരേന്ദ്രൻ, ഉഷ സന്തോഷ്, ജിനി ചാക്കോ, സെക്രട്ടറി റ്റി.ജിജി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 

ശുചിത്വ മിഷന്റെയും പഞ്ചായത്തിന്റെയും ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ട് ടോയ്ലറ്റും വാഷ് റൂമും വിശ്രമകേന്ദ്രവും അടങ്ങുന്ന 76.86 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിച്ചത്.