തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പിന്റെ 2022 ലെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ പുരസ്കാര നിറവിൽ കേരളം. മൂന്ന് പുരസ്‌കാരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി കേരളം നേടിയത്. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‍മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും, കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ഗോൾഡ് മെഡലും, ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലുമാണ് ലഭിച്ചത്.

ഡിജിറ്റൽ സാധ്യതകളിലൂടെ ഭരണമികവിനും സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കാനുള്ള  സർക്കാരിന്റെ പ്രയത്‌നങ്ങൾക്കുള്ള അംഗീകാരമാണീ പുരസ്കാരങ്ങൾ. വിജ്ഞാന സമൂഹമായുള്ള കേരളത്തെ വളർച്ചയ്ക്ക് സർക്കാർ ലക്ഷ്യബോധത്തോടെ നടപ്പാക്കുന്ന ഡിജിറ്റൽ ഗവേണൻസ് പ്രവർത്തനങ്ങൾ ആക്കം കൂട്ടുന്നുണ്ട്.  വിവരങ്ങൾ മാത്രമല്ല, ജനങ്ങൾക്ക് സർക്കാർ നൽകേണ്ട സേവനങ്ങളും ഡിജിറ്റൽ ആയി ലഭ്യമാക്കാൻ അനേകം പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ഇവയിൽ പലതും ദേശീയ, അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണ്. വിജ്ഞാനസമ്പദ്‌വ്യവസ്ഥയായി  വളരാനുള്ള സംസ്ഥാനത്തിൽ ശ്രമങ്ങൾക്ക് ഈ നേട്ടങ്ങൾ കരുത്താകും.

കേന്ദ്ര സർക്കാരിന്റെ ഈ വർഷത്തെ 'ഡിജിറ്റൽ ഇന്ത്യ' ദേശീയ പുരസ്‌കാരം ആണ് ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റിന് ലഭിച്ചത്. ജില്ലയുടെ kottayam.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിനാണു ഡിജിറ്റൽ ഇന്ത്യ 'ഗോൾഡ്' പുരസ്‌കാരം. വെബ്‌സൈറ്റുകൾക്കായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്ന മികച്ച വെബ്‌സൈറ്റ്, മൊബൈൽ സംരംഭക വിഭാഗത്തിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകുന്ന പുരസ്‌കാരത്തിന് ജില്ലയുടെ വെബ് സൈറ്റ് അർഹമായത്. ജില്ലയിലെ പദ്ധതികളെക്കുറിച്ചും സർക്കാർ സേവനങ്ങളെക്കുറിച്ചും വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ് സൈറ്റ് ജനങ്ങൾക്കും ജില്ലാ ഭരണകൂടത്തിനും ഇടയിലെ പാലംപോലെ പ്രവർത്തിക്കുന്നതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

ജനങ്ങൾക്ക് പരാതി നൽകുന്നതിനും പരിഹരിക്കുന്നതിനും വെബ് സൈറ്റിൽ ഒരുക്കിയിട്ടുള്ള സംവിധാനങ്ങളാണ് പുരസ്‌കാരത്തിന് ജൂറി പരിഗണിച്ച പ്രധാനഘടകങ്ങളിലൊന്നെന്ന് ജില്ലാ കളക്ടർ പറഞ്ഞു. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് വെബ്സൈറ്റ് പരിപാലിക്കുന്നത്. ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീനാ സിറിൾ പൊടിപാറയ്ക്കാണ് മേൽനോട്ട ചുമതല. പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതിനേത്തുടർന്ന് ഡിസംബർ എട്ടിന് ന്യൂഡൽഹിയിലെ ഇലക്ട്രോണിക്സ് നികേതനിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീനാ സിറിൽ പൊടിപാറയും ജൂറിക്ക് മുന്നിൽ വെബ് സൈറ്റിന്റെ സവിശേഷതകളെക്കുറിച്ച് അവതരണം നടത്തിയിരുന്നു.

സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലും ഭിന്നശേഷി സൗഹൃദവുമായാണ് വെബ്‌സൈറ്റിന്റെ രൂപകൽപന. കാഴ്ച പരിമിതിയുള്ളവർക്കായി വലിയ അക്ഷരത്തിൽ കാണുന്നതിനും വെബ്‌സൈറ്റിലെ വിവരങ്ങൾ കേൾക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്. മൊബൈൽ, ടാബ് ലെറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങി എല്ലാ ഉപകരണങ്ങളിലും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വെബ് സൈറ്റ് ലഭിക്കും. ഇരുഭാഷകളിലും 153 പേജുകൾ വച്ച് 306 പേജുകളാണ് വെബ് സൈറ്റിനുള്ളത്. പ്രധാന വകുപ്പുകൾ സംബന്ധിച്ച വിവരങ്ങൾ, പദ്ധതികൾ, സേവനങ്ങൾ എന്നിവയ്‌ക്കൊപ്പം പൊതുജനങ്ങൾക്ക് വെള്ളം, വൈദ്യുതി, മറ്റ് ബില്ലുകൾ അടയ്ക്കുന്നതിനുള്ള ലിങ്കുകൾ, വോട്ടർ രജിസ്‌ട്രേഷൻ, വിവാഹം, ജനനം, മരണം രജിസ്‌ട്രേഷൻ, ഓൺലൈനായി ഭൂനികുതി അടയ്ക്കൽ തുടങ്ങി നാൽപതോളം ഓൺലൈൻ സേവനങ്ങളും വെബ്‌സൈറ്റിലുണ്ട്.

നൂറിലേറെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ വെബ് സൈറ്റിലുണ്ട്. ജില്ലയിലെ ടൂറിസത്തെ സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ 'കോട്ടയം ടൂറിസം', 'എന്റെ ജില്ല' ആപ്പുകൾ വെബ് സൈറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ജില്ലയുടെ ചരിത്രം, ഭൂമിശാസ്ത്രം, ജനസംഖ്യാശാസ്ത്രം, കാലാവസ്ഥ എന്നിവയും വിശദമായി പ്രതിപാദിപ്പിക്കുന്നുണ്ട്. സർക്കാർ സംബന്ധമായ മൊബൈൽ ആപ്ലിക്കേഷനുകളുടെ ലിങ്ക്, വീഡിയോ ഫോട്ടോ ഗാലറി എന്നിവയും വെബ്‌സൈറ്റിലുണ്ട്.