കോട്ടയത്ത് ഹോട്ടൽ ഭക്ഷണം കഴിച്ച നേഴ്സായ യുവതി മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്നു സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയത്ത് ഹോട്ടൽ ഭക്ഷണം കഴിച്ച നേഴ്സായ യുവതി മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്നു സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയേറ്റാണ് യുവതി മരിച്ചതെന്ന് രാസപരിശോധന ഫലത്തിൽ വ്യക്തമായി. മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫിസറും കോട്ടയം കിളിരൂർ സ്വദേശിനിയുമായ രശ്മി രാജ് (33) ആണ് മരിച്ചത്.

കോട്ടയം സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്കോളം ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം നേഴ്സായിരുന്നു രശ്മി.  ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തി റസ്റ്ററന്റിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നുമാണ് രശ്മിക്ക് ഭക്ഷ്യക്ഷ ബാധ ഏറ്റിരുന്നത്. സംഭവത്തിൽ നഗരസഭാ അധികൃതർ ഹോട്ടലിൻ്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തിരുന്നു.

കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്നാണ് രശ്മി അൽഫാം കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദ്ദിയും തുടർന്നു വളറിക്കവും അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രശ്മിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യ സ്ഥിതി മോശമായതോടെ മരണം സംഭവിക്കുകയായിരുന്നു. കേസിൽ ഹോട്ടൽ ഉടമകളെ പൊലീസ് പ്രതി ചേർത്തു. നിലവിൽ ഒളിവിലായിരിക്കുന്ന ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

രശ്മിയുടെ മരണത്തിൽ ഹോട്ടലിലെ മുഖ്യപാചകക്കാരൻ മലപ്പുറം സ്വദേശിയായ മുഹമ്മദ് സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യയ്ക്ക് കേസെടുത്താണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.