കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽവഴുതി കെ എസ് ആർ ടി സി ബസ്സിനടിയിലേക്ക് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ! ബസിനടിയിലേക്ക് വീണ യുവതിയെ മ


കോട്ടയം: കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽവഴുതി കെ എസ് ആർ ടി സി ബസ്സിനടിയിലേക്ക് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. എം സി റോഡിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. 

ഇത്തിത്താനത്തെ സ്വകാര്യ സ്കൂളിന്റെ ബസിൽ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളി സ്‌കൂൾ ബസ്സിൽ നിന്നും കുട്ടികളെ റോഡ് മുറിച്ചു കടന്നു എതിർവശത്ത് എത്തിച്ച ശേഷം സ്‌കൂൾ ബസ്സിലേക്ക് കയറാനായി തിരികെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കോതമംഗലത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് വരുന്നത് കണ്ട അമ്പിളി വേഗത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. 

റോഡിലേക്ക് വീണ അമ്പിളിയെ കണ്ട കെ എസ് ആർ ടി സി ഡ്രൈവർ വാഹനം അമ്പിളിയുടെ തലയിൽ കയറാതിരിക്കാനായി വെട്ടിച്ചു മാറ്റുകയായിരുന്നു. തുടർന്ന് ബസ്സിനടിയിൽപ്പെട്ട അമ്പിളിയുടെ മുടിയിൽ കയറിയാണ് ബസ്സിന്റെ ചക്രം നിന്നത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഭലമായതോടെ അടുത്തുള്ള കടയിൽ നിന്നും കത്തി ഉപയോഗിച്ച് മുടി അറുത്തു മാറ്റി പുറത്തെടുക്കുകയായിരുന്നു. 

മുടി ചക്രത്തിനിടയിൽ കുരുങ്ങിയിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അമ്പിളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല എന്നാണു വിവരം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.