പാമ്പാടിയിൽ മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിനു പിന്നിൽ ടോറസ് ഇടിച്ചു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപകടം മകന്റെ വിവാഹവുമായി ബന്ധപ്പെട്ട യാത്രയ്ക്ക


പാമ്പാടി: പാമ്പാടിയിൽ മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിനു പിന്നിൽ ടോറസ് ഇടിച്ചു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മീനടം വള്ളിമല ചകിരിപ്പാടം വീട്ടിൽ സാം സി. മാത്യുവിൻ്റെ ഭാര്യ ഷൈനി സാം (48) ആണ് പാമ്പാടി എട്ടാം മൈലിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്.

 

 മകൻ അഖിലിന്റെ വിവാഹ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അഖിലും മാതാവും സഞ്ചരിച്ചിരുന്ന ബൈക്ക് പാമ്പാടി എട്ടാം മൈലിൽ നിന്നും മീനടം റോഡിലേക്ക് തിരിയുന്നതിനിടെ പിന്നാലെയെത്തിയ ടോറസ് ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇടിയുടെ ആഘാതത്തെ തുടർന്ന് ഷൈനി ബൈക്കിൽ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. 

റോഡിലേക്ക് വീണ ഷൈനിയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഷൈനിയുടെ മരണം സംഭവിച്ചിരുന്നു. അപകടത്തിൽ മകൻ അഖിലിന് പരിക്കേറ്റിട്ടുണ്ട്. അഖിലിന്റെ വിവാഹം നടക്കാൻ രണ്ടാഴ്ച മാത്രം സമയം ശേഷിക്കവേയാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്. 

രണ്ട് വർഷം മുമ്പാണ് ഷൈനിയുടെ മൂത്ത മകൻ അനിൽ ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചത്. ഷൈനിയുടെ മൃതദേഹം ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് മീനടം നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.