ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഭക്തിസാന്ദ്രം! ആരവങ്ങളോടെ നാട് ആഘോഷമാക്കി അമ്പലപ്പുഴ-ആലങ്ങാട്ട് അയ്യപ്പ സംഘങ്ങളുടെ പേട്ടതുള്ളൽ.


എരുമേലി: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഭക്തിസാന്ദ്രമായി. കഴിഞ്ഞ മൂന്നു വർഷക്കാലമോളമായി കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചടങ്ങുകൾ മാത്രമായി നടത്തിയിരുന്ന ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് അയ്യപ്പ സംഘത്തിന്റെ പേട്ടതുള്ളൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനില്ലാത്തതിനാൽ ആഘോഷമാക്കി മാറ്റുകയായിരുന്നു നാട്.

 

 രാവിലെ 12 മണിയോടെ ശ്രീകൃഷ്‌ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ എരുമേലി കൊച്ചമ്പലത്തിൽ നിന്നും ആരംഭിച്ചു. സമൂഹപെരിയോൻ എൻ ഗോപാലകൃഷണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പലപ്പുഴ പേട്ടതുള്ളൽ നടത്തിയത്. വാവർ പള്ളിയിൽ എത്തിയ അമ്പലപ്പുഴ സംഘത്തെ ജമാഅത് ഭാരവാഹികൾ പുഷ്പവൃഷ്ടിയുടെ അകമ്പടിയിടെ സ്വീകരിച്ചു. 



തുടർന്ന് പള്ളിയിൽ നിന്നിറങ്ങിയ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ പേട്ട സംഘത്തെ സംഘത്തോടൊപ്പം ജമാഅത് പ്രതിനിധി വലിയമ്പലം വരെ അനുഗമിച്ചു. 2 മണിയോടെയാണ് വാദ്യ മേളങ്ങളുടെയും 3 ഗജവീരന്മാരുടെയും അകമ്പടികളോടെ വലിയമ്പലത്തിൽ എത്തി അമ്പലപ്പുഴ അയ്യപ്പ സംഘത്തിന്റെ പേട്ടതുള്ളൽ അവസാനിച്ചത്. ചരിത്ര പ്രസിദ്ധവും മതസൗഹാർദത്തിന്റെ പ്രതീകവുമായ എരുമേലി പേട്ടതുള്ളൽ കാണുന്നതിനായി സമീപ പ്രദേശങ്ങളിൽ നിന്നും ദൂരെ സ്ഥലങ്ങളിൽ നിന്നുമായി ആയിരക്കണക്കിനാളുകളാണ് എത്തിയത്. 200 പേരെടങ്ങുന്നതായിരുന്നു അമ്പലപ്പുഴ പേട്ട സംഘത്തിന്റെ പേട്ടതുള്ളൽ. ഉച്ചകഴിഞ്ഞു 4 മണിയോടെ ആകാശത്ത് വെള്ളിനക്ഷത്രത്തെ ദർശിച്ചതോടെ യോഗം പെരിയോൻ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലുളള ആലങ്ങാട്ട് സംഘം പേട്ട തുള്ളിയിറങ്ങി. സംഘത്തെ ജമാഅത് ഭാരവാഹികൾ സ്വീകരിച്ചു. 



വാവർ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുൻനിർത്തി ആലങ്ങാട്ട് സംഘം പള്ളിയിൽ കയറാതെ വലിയമ്പലത്തിലേക്ക് യാത്രയായി. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് പേട്ടതുള്ളൽ നടക്കുന്നത്. ആലങ്ങാട്ട് അയ്യപ്പ സംഘത്തിന്റെ പേട്ടതുള്ളലിലെ നൃത്ത-നൃത്യ രൂപങ്ങൾ നാടിനു കാഴ്ചയുടെ വിസ്മയം സമ്മാനിച്ചു. വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് പേട്ടതുള്ളൽ വലിയമ്പലത്തിൽ സമാപിച്ചത്.