അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ പ്രസിദ്ധമായ മണിമലക്കാവ് ആഴിപൂജ ഇന്ന്.


മണിമല: അയ്യപ്പ സ്വാമിയുടെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാർ സമൂഹ പെരിയോൻ ഗോപാകൃഷ്ണൻ നായർ സ്വാമിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ മണിമലക്കാവ് ആഴിപൂജ ഇന്ന് വൈകിട്ട് നടക്കും. ഞായറാഴ്ച അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘം രഥ ഘോഷയാത്രയായി പരദേവതയായ മണിമലക്കാവ് ഭഗവതീ ക്ഷേത്രത്തിലെത്തി. ഇന്ന് വൈകിട്ടാണ് പ്രസിദ്ധമായ മണിമലക്കാവ് ആഴി പൂജ. തുടർന്ന് ചൊവ്വാഴ്ച്ച മണിമലക്കാവിൽ നിന്നും സംഘം ഏരുമേലിയിലേക്ക് യാത്ര തിരിക്കും.

 

 ബുധനാഴ്ചയാണ് എരുമേലി പേട്ടതുള്ളൽ നടക്കുക. പൂജിച്ച സ്വർണ്ണത്തിടമ്പ് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ച് ആണ് യാത്ര. മുന്നൂറിൽപ്പരം സ്വാമിമാരും മാളികപ്പുറങ്ങളുമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേക്ക് പത്തു നാൾ നീളുന്ന യാത്രയിൽ പങ്കെടുക്കുന്നത്. മാനത്ത് കൃഷ്ണ പരുന്തിനെ ദർശിക്കുന്നതോടെ ചരിത്ര പ്രസിദ്ധമായ പേട്ട തുള്ളൽ ആരംഭിക്കും. പേട്ട തുള്ളലിൽ പങ്കെടുക്കുന്ന സ്വാമിമാരെയും പേട്ടതുള്ളൽ കാണാൻ എത്തുന്ന ഭക്തരേയും അനുഗ്രഹിക്കുന്നതിനായി അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാൻ ഗരുഢാ രൂഢനായി എഴുന്നള്ളുന്നു എന്നതാണ് വിശ്വാസം. കൊച്ചമ്പലത്തിൽ നിന്നും ഇറങ്ങുന്ന സംഘം നേരെ വാവർ പള്ളിയിൽ പ്രവേശിക്കും. പുഷ്പവൃഷ്ടി നടത്തിയും കളഭം തളിച്ചും പള്ളി ഭാരവാഹികൾ സംഘത്തെ സ്വീകരിക്കും. തുടർന്ന് വാവരുടെ പ്രതിവിധി സംഘത്തോടൊപ്പം വലിയമ്പലത്തിലേക്ക് നീങ്ങും. 

വലിയമ്പലത്തിൽ വാവരുടെ പ്രതിനിധി ഉൾപ്പടെയുള്ള സംഘത്തെ ദേവസ്വം അധികാരികൾ സ്വീകരിക്കും. തുടർന്ന് ക്ഷേത്ര പ്രദക്ഷിണവും നമസ്ക്കാരവും ചെയ്യുന്നതോടെ പേട്ടതുള്ളലിന് സമാപനമാകും. പേട്ടതുള്ളലിനു ശേഷം എരുമേലി ക്ഷേത്രത്തിൽ ആഴി പൂജ നടത്തി സംഘം പമ്പയിലേക്ക് യാത്രയാകും. പതിമൂന്നിന് പമ്പ സദ്യ നടത്തി മലകയറുന്ന സംഘത്തെ മരക്കൂട്ടത്തിൽ ദേവസ്വം പോലീസ് അധികാരികൾ ചേർന്ന് സ്വീകരിച്ച് ദർശനത്തിനുള്ള സംവിധാനം ക്രമീകരിക്കും. ദർശന ശേഷം ദേവസ്വം നൽകുന്ന പ്രത്യേക ഹാളിൽ സംഘം വിരിവക്കും. ദേവസ്വം മെസിൽ നിന്നും സംഘത്തിനുള്ള ആഹാരം ക്രമീകരിക്കും. മകര വിളക്ക് ദിവസം രാവിലെ അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകം മേൽശാന്തി നിർവഹിക്കും. 



വൈകിട്ട് മകരവിളക്ക് ദർശനത്തിന് ശേഷം അത്താഴപ്പൂജക്ക് അമ്പലപ്പുഴക്കാരുടെ മഹാ നിവേദ്യം നടക്കും. സ്വാമി ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന കാര എള്ള്, ശർക്കര, നെയ്യ്, തേൻ, കൽക്കണ്ടം മുന്തിരി ഇവ ചേർത്ത് തയ്യാറാക്കുന്ന എള്ളുപായസമാണ് മഹാ നിവേദ്യത്തിന് ദേവന് സമർപ്പിക്കുന്നത്. മകരവിളക്കിന് പിറ്റേ ദിവസം മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും അമ്പലപ്പുഴക്കാരുടെ ശീവേലി എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് പതിനെട്ടാം പടിക്കൽ എത്തുമ്പോൾ സംഘാംഗങ്ങൾ പടി കഴുകി പടിയിൽ കർപ്പൂരാരതി നടത്തും. 

തുടർന്ന് ശീവേലി ഇറക്കി എഴുന്നള്ളിച്ച് തിരുവാഭരണം ചാർത്തിയ അയ്യപ്പവിഗ്രഹം ദർശിച്ച് കർപ്പൂരാഴി പൂജയും നടത്തുന്നതോടെ പത്തു നാൾ നീളുന്ന തീർത്ഥാടനത്തിന് സമാപനം കുറിച്ച് പതിനഞ്ചിന് രാത്രിയിൽ സംഘം മലയിറങ്ങും. സമൂഹപ്പെരിയോൻ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വവും കരപ്പെരിയോൻ മാർ സഹകാർമ്മികത്വവും വഹിക്കും.