അയ്മനത്തിന് പുതുവർഷ സമ്മാനം; മൂന്നു പുതിയ ടൂറിസം പാക്കേജുകൾ! സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാര പദ്ധതിയുടെ കേന്ദ്രമാകും അയ്മനം.


കോട്ടയം: സ്ത്രീ സൗഹാർദ വിനോദസഞ്ചാര പദ്ധതിയുടെ പ്രധാന കേന്ദ്രമായി അയ്മനം മാറും. സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നിർദ്ദേശപ്രകാരം മൂന്നു പുതിയ ടൂറിസം പാക്കേജുകൾ കൂടി അയ്മനത്ത് നടപ്പാക്കുമെന്ന് അയ്മനം ഫെസ്റ്റിന്റെ ഭാഗമായി നടന്ന ടൂറിസം സെമിനാറിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ വ്യക്തമാക്കി. അയ്മനം സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമാവുന്നതോടെ താമസം, ഭക്ഷണം, യാത്ര, ഗൈഡ് തുടങ്ങി ടൂറിസം പാക്കേജിലെ എല്ലാ ഘടകങ്ങളും നിയന്ത്രിക്കുക സ്ത്രീകളായിരിക്കും.

 

 ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളിൽ 80 ശതമാനം അയ്മനത്ത് നടത്തുന്നതു സ്ത്രീകളായതിനാലാണ് പദ്ധതിയിലക്ക് അയ്മനം തിരഞ്ഞെടുക്കപ്പെട്ടത്. ഇതുകൂടാതെ രണ്ടു പ്രധാന പദ്ധതികൾ കൂടി അയ്മനത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവർഷത്തിൽ ഒരാഴ്ച്ചത്തെ 'സാംസ്‌കാരിക അനുഭവ' പാക്കേജുകൾ അയ്മനത്ത് നടത്തും. നാടിന്റെ സംസ്‌കാരം അറിയാനും ആസ്വദിക്കാനും കഴിയുന്ന പ്രവർത്തനങ്ങളെ കൂട്ടിയിണക്കിയാണ് പാക്കേജ് ഒരുക്കുക. സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി അഗ്രി ടൂറിസം സർക്യൂട്ടിൽ അയ്മനത്തെയും ഉൾപ്പെടുത്തി. ഓരോ പ്രദേശത്തിന്റെ പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകുന്നതുമായ സ്ട്രീറ്റുകൾ ഉറപ്പാക്കുന്നതാണ് പദ്ധതി. 

പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കാൻ വിഭാവനം ചെയ്യുന്ന പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും തദ്ദേശവാസികൾക്കും വിനോദസഞ്ചാര പ്രക്രിയയിൽ മുഖ്യപങ്ക് വഹിക്കാനാകും. വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള അയ്മനത്തിന്റെ പ്രാദേശിക കേന്ദ്രങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ടൂറിസം പദ്ധതികളിലൂടെ കഴിയുമെന്ന് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. അയ്മനം ഗ്രാമപഞ്ചായത്തിന്റെ ടൂറിസം സാധ്യതകളും സാംസ്‌കാരിക-കാർഷിക പ്രത്യേകതകളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായാണ് വിപുലമായ രീതിയിൽ അയ്മനം ഫെസ്റ്റ് സംഘടിപ്പിച്ചത്. 

സെമിനാർ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം അധ്യക്ഷനായി. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോർഡിനേറ്റർ ആർ രൂപേഷ് കുമാർ വിഷയാവതരണം നടത്തി. തുടർന്ന് അയ്മനത്തിന്റെ ടൂറിസം വികസനത്തിൽ സുപ്രധാന പങ്കു വഹിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ സെമിനാറിൽ ആദരിച്ചു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി, ക്ഷേമ കാര്യ സ്ഥിരം സമതി അധ്യക്ഷൻ കെ.ആർ ജഗദീഷ്, പഞ്ചായത്ത് അംഗം ബിജു മാന്താറ്റ്, ഡി.ടി.പി.സി സെക്രട്ടറി റോബിൻ സി കോശി, ചേമ്പർ ഓഫ് വേമ്പനാട്ട് ഹോട്ടൽ ആൻഡ് റിസോർട്ട് സെക്രട്ടറി അരുൺ കുമാർ, കോട്ടയം ഗ്രാൻഡ് ഹോട്ടൽ മാനേജർ ജോർജ് തോമസ്, എക്‌സ്‌പോ ടൂർസ് ആൻഡ് ട്രാവൽസ് പ്രതിനിധി സുനിൽ കെ ജോർജ്, ഹൗസ് ബോട്ട് ഓണേഴ്‌സ് സമിതി സെക്രട്ടറി ബാബു ഉഷസ്സ്, കോക്കനട്ട് ലഗൂൺ പ്രതിനിധി ബേബി ജോർജ്, അയ്മനം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അശോകൻ കരീമഠം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.