ഇരുട്ടിന്റെ മറവിൽ പാതയോരങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നവർ ജാഗ്രതൈ! മണിമല ഗ്രാമപഞ്ചായത്തിന്റെ വനമേഖലയിലെ പാതയോരങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.


മണിമല: ഇരുട്ടിന്റെ മറവിൽ പാതയോരങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നവർ ജാഗ്രതൈ! മണിമല ഗ്രാമപഞ്ചായത്തിന്റെ വനമേഖലയിലെ പാതയോരങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കേണ്ടതിനു പകരം ഇരുട്ടിന്റെ മറവിൽ പാതയോരങ്ങളിൽ കൊണ്ടുവന്നു തള്ളുന്നവരെ പിടികൂടാൻ വേണ്ടിയാണ് മണിമല ഗ്രാമപഞ്ചായത്തിന്റെ വനമേഖലയിലെ പാതയോരങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.

 

 മാലിന്യ നിർമ്മാർജ്ജനം ഗ്രാമ പഞ്ചായത്തിന്റെ അനിവാര്യ ചുമതലയാണ്,ആ ചുമതല ഭംഗിയായി നിർവ്വഹിക്കാനുറച്ച് തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധയിടങ്ങളിൽ വലിച്ചെറിയപ്പെട്ടിരുന്ന മാലിന്യങ്ങൾ ചാക്കിൽ നിറച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകി. റോഡും പരിസരവും വൃത്തിയാക്കിയ ശേഷമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. കയറ്റി വിടുന്ന ഒരോ കിലോ ലെഗസി വെയ്സ്റ്റിനും 11 രൂപ ക്രമത്തിൽ ക്ലീൻ കേരള കമ്പനിക്ക് നൽകിയാണ് പഞ്ചായത്ത് മാലിന്യം നീക്കം ചെയ്യുന്നത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

തനതു വരുമാനം കുറഞ്ഞ പഞ്ചായത്തിന് ഇത് വലിയ ബാധ്യതയാണ് വരുത്തിവയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച് മണിമല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും സാമൂഹ്യ വിരുദ്ധർ ബോർഡിന് ചുറ്റും പോലും ഇരുട്ടിന്റെ മറവിൽ മാലിന്യം നിക്ഷേപിക്കുകയായിരുന്നു. 

ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് ഗ്രാമപഞ്ചായത്ത് സ്വീകരിക്കുക എന്നും കർശന നിയമ നടപടികളിലേക്ക് കടക്കുമെന്നും മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.