കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദർശൻ പദ്ധതിയിൽ ഇന്ത്യയിലാകെ 36 ടൂറിസം കേന്ദ്രങ്ങളെ പ്രഖ്യാപിച്ചതിൽ ഇടം നേടി കോട്ടയത്തിന്റെ കുമരകവും.


കുമരകം: കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദർശൻ പദ്ധതിയിൽ ഇന്ത്യയിലാകെ 36 ടൂറിസം കേന്ദ്രങ്ങളെ പ്രഖ്യാപിച്ചതിൽ ഇടം നേടി കോട്ടയത്തിന്റെ കുമരകവും. കേരളത്തില്‍ നിന്നു കുമരകവും ബേപ്പൂരും ആണ് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 36 വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തെ 19 ടൂറിസം കേന്ദ്രങ്ങളെ ഐകോണിക് ടൂറിസം ഡെസ്റ്റിനേഷനുകളായി പ്രഖ്യാപിച്ചപ്പോഴും കുമരകം അതിൽ ഒന്ന് ആയിരുന്നു. ഈ കഴിഞ്ഞ കേന്ദ്ര ബജറ്റിൽ സ്വദേശ് ദർശൻ പദ്ധതിക്കായി 1151 കോടി രൂപയും ഐകോണിക്ക് ടൂറിസം പദ്ധതിക്ക് 130 കോടിയുമാണ് മൊത്തം വകയിരുത്തിയിരിക്കുന്നത് എന്ന് എം പി തോമസ് ചാഴികാടൻ പറഞ്ഞു.

 

 ആഗോള പ്രശസ്തമായ കുമരകത്തിന് ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ പദ്ധതികൾ സഹായിക്കും. കേരളത്തിന്റെ പ്രത്യേകിച്ച് കുമരകത്തിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച പ്രകൃതി സൗന്ദര്യവും കായലോരവും പുഴകളും ചേർന്ന വലിയ ടൂറിസം സാധ്യതകൾ പൂർണ്ണമായും വിനിയോഗിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കുമരകം, അയ്മനം, ആർപ്പൂക്കര, തുടങ്ങിയ പ്രദേശങ്ങളുടെ സമഗ്രമായ ടൂറിസം വികസനത്തിന് ഇതിലൂടെ വഴി തെളിയും. 

സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നിർദേശം പരിശോധിച്ച ശേഷമാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനമെന്നു സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയിലൂടെ സാധിക്കും. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങളാകും ഈ ഡെസ്റ്റിനേഷനുകളിൽ ഒരുക്കുക. ബേപ്പൂരിലെ ഉരു ടൂറിസം, ജലാസാഹസിക ടൂറിസം , കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും പദ്ധതികൾ. 

കോവിഡാനന്തരം സംസ്ഥാനത്തെ പ്രധാന ഡെസ്റ്റിനേഷനുകളുടെ വികസനത്തിനുള്ള സാധ്യതകൾ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നതായും പദ്ധതികൾ സമബന്ധിതമായി നടപ്പാക്കാനുള്ള ഇടപെടലും സഹായവും ടൂറിസം വകുപ്പ് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സമഗ്ര ടൂറിസം കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ഈ തീരുമാനം സഹായകരമാകും. കൊവിഡാനന്തരം അന്തർദേശീയ തലത്തിൽ തന്നെ  കേരള ടൂറിസം ശ്രദ്ധേയമായ മുന്നേറ്റം സാധ്യമാക്കുകയാണ്.