എരുമേലിക്ക് ആഘോഷരാവിൽ ചന്ദനക്കുടം! ഫ്ലാഗ് ഓഫ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.


എരുമേലി: മാനവ മത മൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയിൽ ഇന്ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളലിനു മുന്നോടിയായി നടത്തപ്പെടുന്ന ചന്ദനക്കുട മഹോത്സവം എരുമേലിക്ക് സമ്മാനിച്ചത് ആഘോഷരാവ്. ചന്ദനക്കുട ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

 

 നിറച്ചാർത്തുകളിലും ദീപാലങ്കാരങ്ങളാലും സ്വർണ്ണ പ്രഭയിലായിരുന്നു എരുമേലി നൈനാർ ജുമാ മസ്ജിദ്. വാദ്യമേളങ്ങളുടെയും നൃത്ത-നൃത്ത്യ കലാരൂപങ്ങളുടെയും അകമ്പടിയോടെയായിരുന്നു ചന്ദനക്കുട ഘോഷയാത്ര നടത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണം ഉണ്ടായിരുന്നതിനാൽ കൂടുതൽ ആളുകൾ പങ്കെടുത്തിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതില്ലാത്തതിനാൽ ഇത്തവണ കൂടുതൽ ആളുകളാണ് പരിപാടികൾ കാണുന്നതിനായി എത്തിച്ചേർന്നത്. 

എരുമേലിയെ ജനസാഗരമാക്കി ആഘോഷരാവിൽ ചന്ദനക്കുട മഹോത്സവം. ചന്ദനക്കുട മഹോത്സവത്തോടനുബന്ധിച്ച് നടന്ന മതസൗഹാർദ്ദ  സമ്മേളനം സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചന്ദനക്കുട ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവ്വഹിച്ചു. എം പി ആന്റോ ആന്റണി, പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് ടി അനന്തഗോപൻ, പി എസ് സി അംഗം പി കെ വിജയകുമാർ, പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ, കോട്ടയം സബ് കളക്ടർ സഫ്ന നാസറുദീൻ, കോട്ടയം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, എരുമേലി ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ  ജോർജുകുട്ടി തുടങ്ങി മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ നിരവധിപ്പേർ പങ്കെടുത്തു.