വ്യവസായവും കൃഷിയും, പാലക്കാട് വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന സ്ഥലം: ഡോ. എസ്. ചിത്ര.


പാലക്കാട്: ഉദ്യോഗസ്ഥ എന്ന നിലയില്‍ വ്യവസായം, കൃഷി തുടങ്ങി വ്യത്യസ്തവും പ്രാധാന്യവുമുള്ള മേഖലകളില്‍ ജോലി ചെയ്യാന്‍ കഴിയുന്ന സ്ഥലമാണ് പാലക്കാട് എന്ന് പാലക്കാട് ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം ഡോ. എസ്. ചിത്ര പറഞ്ഞു. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ മറ്റക്കാട് കാഞ്ഞിരക്കാട് ഡോ. അരുണിന്റെ ഭാര്യയാണ് ഡോ. എസ്. ചിത്ര. 

ഭംഗിയുള്ള ഒരുപാട് സ്ഥലങ്ങളുള്ള ഗ്രാമീണ തനിമയുള്ള പാലക്കാട് ജില്ലയുടെ കലക്ടറായി എത്തിയതില്‍ വ്യക്തിപരമായി സന്തോഷമുണ്ട്. എല്ലാ മേഖലയിലും ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തമുള്ളതു കൊണ്ടുതന്നെ ജില്ലയെ കൂടുതല്‍ മനസ്സിലാക്കി ഇടപെടലുകള്‍ ആവശ്യമുള്ള മേഖലകള്‍ ഉണ്ടെങ്കില്‍ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമെന്നും ഡോ. എസ്. ചിത്ര പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുന്‍ ജില്ലാ കലക്ടര്‍ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നും അവര്‍ പറഞ്ഞു. 

ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ സന്തോഷത്തോടെ പുഞ്ചിരിയോടെ മടങ്ങി പോകുന്ന സാഹചര്യം ഉണ്ടാക്കാനാകണം. മുന്നോട്ടു പോകുന്നതിന് എല്ലാവരുടേയും സ്നേഹവും സഹകരണമുണ്ടാകണമെന്നും ഡോ. എസ്. ചിത്ര പറഞ്ഞു. നങ്ങ്യാര്‍കുളങ്ങര സൗപര്‍ണികയില്‍ ശ്യാമപ്രസാദ് ലീന ദമ്പതികളുടെ മകളാണ് ഡോ. എസ്. ചിത്ര. 2012-ല്‍ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ചിത്ര ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്തും പിന്നീട് ഡോക്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷവും പരീക്ഷകൾ എഴുതി. 2014 കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ് ഡോ.ചിത്ര. 

കേരള ഹെല്‍ത്ത് സര്‍വീസ് അസിസ്റ്റന്റ് സര്‍ജന്‍(2014), കൊല്ലം അസിസ്റ്റന്റ് കലക്ടര്‍, സബ് കലക്ടര്‍(2016-18), സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടര്‍(2018-20), ലേബര്‍ കമ്മീഷണര്‍ (2020-22) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ എം.ഡി എന്നിവ ആയിരിക്കെയാണ് പാലക്കാട് ജില്ലാ കലക്ടറായി നിയമിതയാകുന്നത്.